

ന്യൂ ഡൽഹി: റൺവീർ സിംഗ് നായകനാകുന്ന ഹിന്ദി ചിത്രം 'ധുരന്ധർ' ട്രയ്‌ലറിനെതിരെ യൂട്യൂബർ ധ്രുവ് റാഠി. ഐഎസ്ഐഎസ് പോലുള്ള ഭീകരവാദ സംഘടനകൾ പുറത്തുവിടുന്ന തലയറുത്ത് കൊല്ലുന്ന വീഡിയോകൾക്ക് തുല്യമാണ് സിനിമയുടെ ട്രയ്‌ലർ എന്നാണ് ധ്രുവ് റാഠിയുടെ വാദം. ആദിത്യ ധർ സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രയ്‌ലർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലീസ് ചെയ്തത്.
"ബോളിവുഡിലെ നിലവാരമില്ലായ്മയുടെ അതിരുകടന്നിരിക്കുന്നു ആദിത്യ ധർ. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ ട്രെയ്‌ലറിൽ കാണിച്ചിരിക്കുന്ന അമിതമായ അക്രമവും, ഭീകരതയും, പീഡനവും ഐഎസ്ഐസ് തലവെട്ടുന്നത് കണ്ട് അത് 'വിനോദം' എന്ന് പറയുന്നതിന് തുല്യമാണ്. പണത്തോടുള്ള അദ്ദേഹത്തിന്റെ ആർത്തി നിയന്ത്രണാതീതമാണ്. അതുകൊണ്ടുതന്നെ, യുവതലമുറയുടെ മനസിനെ വിഷലിപ്തമാക്കാനും, അക്രമം സാധാരണവൽക്കരിക്കാനും സങ്കൽപ്പിക്കാൻ കഴിയാത്ത പീഡനങ്ങളെ മഹത്വവൽക്കരിക്കാനും അദ്ദേഹം തയാറാകുന്നു,” എന്നാണ് ധ്രുവ് എക്സിൽ കുറിച്ചത്. ആളുകൾ ചുംബിക്കുന്നതാണോ അതോ ഒരാളെ ജീവനോടെ തൊലിയുരിക്കുന്നത് കാണുന്നതാണോ വലിയ പ്രശ്‌നമെന്ന് സെൻസർ ബോർഡിന് കാണിക്കാനുള്ള അവസരമാണിതെന്നും ധ്രുവ് കൂട്ടിച്ചേർത്തു. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ.
ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ രണ്‍വീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായി ശ്രദ്ധേയ ആയ സാറ അർജുൻ ആണ് നായിക. ചിത്രം 2025 ഡിസംബർ അഞ്ചിന് ആഗോള റിലീസായെത്തും. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് സിനിമ തിയേറ്ററുകളിലെത്തുക.