"ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ, ക്ഷമിക്കൂ"; ശ്രീനിവാസന്‍ മാപ്പ് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിനെക്കുറിച്ച് ധ്യാന്‍

സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ'ത്തിന്റെ സെറ്റില്‍ വച്ചാണ് ശ്രീനിവാസന്‍ മോഹന്‍ലാലിനോട് ക്ഷമ ചോദിച്ചത്
ധ്യാന്‍ ശ്രീനിവാസന്‍, 'ഹൃദയപൂർവം' സെറ്റിലെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനൊപ്പം
ധ്യാന്‍ ശ്രീനിവാസന്‍, 'ഹൃദയപൂർവം' സെറ്റിലെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനൊപ്പംSource: Facebook
Published on

കൊച്ചി: മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ. എക്കാലത്തെയും മികച്ച ഈ കൂട്ടുകെട്ടില്‍ നിന്ന് മനോഹരങ്ങളായ സിനിമാ സന്ദർഭങ്ങളാണ് പിറന്നത്. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ സമ്മനിച്ച തിരക്കഥാകൃത്ത് കൂടിയാണ് ശ്രീനിവാസന്‍. ലാലിനൊപ്പം എപ്പോഴൊക്കെ ശ്രീനിവാസന്‍ സ്ക്രീനില്‍ എത്തിയോ അപ്പോഴൊക്കെ കൈയ്യടികളോടെയാണ് ആ കഥാപാത്രങ്ങളെ മലയാളികള്‍ വരവേറ്റത്.

എന്നാല്‍, ചില അഭിമുഖങ്ങളില്‍ മോഹന്‍ലാലിനെപ്പറ്റി ശ്രീനിവാസന്‍ നടത്തിയ പരാമർശങ്ങള്‍ ഇരുവർക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന തരത്തിലാണ് പ്രചരിച്ചത്. എന്നാല്‍, ഇരുവരും ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും സംസാരിച്ചിരുന്നില്ല. വർഷങ്ങള്‍ക്ക് ഇപ്പുറം, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ഹൃദയപൂർവം' എന്ന സിനിമയുടെ സെറ്റിലെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനോട് മാപ്പ് പറഞ്ഞുവെന്നാണ് മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. 'അന്ന് താൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടെങ്കിൽ ക്ഷമിക്കണം' എന്ന് ശ്രീനിവാസൻ പറഞ്ഞപ്പോൾ 'താൻ അതൊക്കെ വിടെടോ' എന്നൊരു പുഞ്ചിരിയോടെ മോഹൻലാൽ മറുപടി നൽകിയെന്നും ധ്യാന്‍ പറയുന്നു. ഒരു പൊതുപരിപാടിയിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

"മോഹൻലാൽ എന്ന നടനപ്പുറം മോഹൻലാൽ എന്ന ഒരു മനുഷ്യനെ ആളുകള്‍ എന്തുകൊണ്ട് ആഘോഷിച്ചില്ല എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന നടനെപ്പോലെയോ കലാകാരനേപ്പോലെയോ ആവാൻ നമുക്ക് ഒരിക്കലും പറ്റില്ല. പക്ഷെ ഒന്ന് ശ്രമിച്ചാൽ മോഹൻലാലിനെ പോലെയൊരു മനുഷ്യൻ ആവാൻ പറ്റിയേക്കും. ഒരു ഇന്റർവ്യുവിൽ അച്ഛൻ അദ്ദേഹത്തെ ചെറിയ കുത്തുവാക്കുകൾ ഒക്കെ പറഞ്ഞിരുന്നു.വേറൊരു ഇന്റർവ്യുവിൽ ഞാന്‍ അതിനെ എതിർത്തുകൊണ്ട് മറുപടികൊടുത്തിരുന്നു. ദാദാ ഫാൽക്കെ അവാർഡ് നേടിയപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞൊരു കാര്യമുണ്ട്, നമ്മൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട് ഭൂമിയോളം താഴ്ത്തിയിട്ടുമുണ്ടെന്ന്. പക്ഷെ ഇന്ന് വരെ അതിനൊന്നും ഒരു മറുപടി കൊടുക്കാൻ അദ്ദേഹം നിന്നിട്ടില്ല. ഇത്തരം നെഗറ്റിവിറ്റിയെയൊക്കെ പോസിറ്റീവായി കണ്ടു," ധ്യാന്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍, 'ഹൃദയപൂർവം' സെറ്റിലെത്തിയ ശ്രീനിവാസന്‍ മോഹന്‍ലാലിനൊപ്പം
മലയാള സിനിമയിൽ പുതുചരിത്ര പിറവി; 300 കോടി ക്ലബിൽ ദുൽഖറിന്റെ വേഫെറർ ഫിലിംസ് ചിത്രം 'ലോക'

"ഹൃദയപൂർവം സെറ്റില്‍ വച്ച് കുറേ വർഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ ലാൽ സാറിനെ കണ്ടപ്പോൾ 'ഞാൻ പറഞ്ഞതിൽ ലാലിന് വിഷമം ഉണ്ടോ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞപ്പോൾ ഒരു ചിരിയോടെ 'താൻ അത് വിടെടോ' എന്ന് പറയാനുള്ള മനസ്‌ ലോകത്ത് ഇദ്ദേഹത്തിന് അല്ലാതെ മറ്റാർക്കും ഉണ്ടാകില്ല. അതൊക്കെ നമുക്ക് അത്ഭുതമാണ്," ധ്യാൻ കൂട്ടിച്ചേർത്തു.

2010ല്‍ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'ഒരു നാള്‍ വരും' ആണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ സ്ക്രീനില്‍ അവസാനം എത്തിയ ചിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com