

ആദിത്യ ധർ ചിത്രം 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിക്കൊണ്ടിരിക്കെ, നടൻ രൺവീർ സിംഗിന്റെ അർപ്പണബോധത്തെ പ്രശംസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത 'ലൂട്ടേര'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അവിശ്വസനീയമായ ഒരു സംഭവം പങ്കുവച്ചുകൊണ്ടാണ് അനുരാഗ് താരത്തെ പ്രശംസിച്ചത്. രൺവീറിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു 'ലൂട്ടേര'.
'ലൂട്ടേര'യുടെ ക്ലൈമാക്സ് രംഗത്തിൽ രൺവീറിന്റെ കഥാപാത്രത്തിന് വെടിയേൽക്കുന്നുണ്ട്. ഈ വേദന സ്വാഭാവികമായി പ്രതിഫലിപ്പിക്കാൻ നടൻ ആരോടും പറയാതെ തന്റെ വയറ്റിൽ ക്ലിപ്പ് ഇട്ടു മുറുക്കിയെന്നാണ് അനുരാഗ് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണത്തിന് ശേഷം അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായ രൺവീറിനെ പിന്നീട് ആശുപത്രിയിൽ എത്തിക്കേണ്ടി വന്നതായും അനുരാഗ് പറയുന്നു.
" 'ധുരന്ധറിന്' ലഭിച്ച അത്രയും കളക്ഷൻ അന്ന് 'ലൂട്ടേര'യ്ക്ക് ലഭിച്ചില്ലായിരിക്കാം, പക്ഷേ ആ മനുഷ്യന്റെ നിശ്ചയദാർഢ്യം അന്നേ സമാനതകളില്ലാത്തതാണ്. തന്റെ വേദന അദ്ദേഹം ആരുമായും പങ്കുവച്ചില്ല. അദ്ദേഹത്തിന് അനങ്ങാൻ പറ്റാതായപ്പോഴാണ് എല്ലാവരും അത് അറിഞ്ഞത്," അനുരാഗ് പറഞ്ഞു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2' ഇതിനോടകം ആഗോളതലത്തിൽ 1600 കോടി രൂപയിലധികം കളക്ഷൻ നേടി ചരിത്രം കുറിച്ചിരിക്കുകയാണ്. രൺവീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി 'ധുരന്ധർ' സിനിമകൾ മാറിക്കഴിഞ്ഞു. രൺവീർ സിംഗിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ, സാറ അർജുൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇവരുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.