അന്നും ആശാനേ എന്നു വിളിച്ചു ഇന്നും, മമ്മൂട്ടിയുടെ അത്ഭുതകരമായ സർഗാത്മകത 40 വർഷമായി കാണുകയാണ്: കെ. മധു

ചെറിയ പരിഭവങ്ങളും ഇണക്കവും പിണക്കവും ഒക്കെയായാണ് ഈ കാണുന്ന എല്ലാ സിനിമകളും തങ്ങൾ ചെയ്തതെന്നും കെ. മധു
മമ്മൂട്ടിയും കെ. മധുവും
മമ്മൂട്ടിയും കെ. മധുവും
Published on
Updated on

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകൻ കെ. മധു. ആദ്യം മുതൽ തന്നെ മമ്മൂട്ടിയെ ആശാനെ എന്നാണ് താൻ വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 1982ൽ 'പടയോട്ടം' സിനിമയുടെ സെറ്റിൽ വച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു എന്നും ഓർത്ത മധു ആ സൗഹൃദം ഇന്നും നിലനിൽക്കുന്നതായും കൂട്ടിച്ചേർത്തു. മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

കെ. മധുവിന്റെ കുറിപ്പ്:

കഥാപാത്രമായി മാറുകയും ആ കഥാപാത്രത്തിൽ നിന്ന് തിരിച്ച് മമ്മൂട്ടിയായി തീരുകയും ചെയ്യുന്ന അത്ഭുതകരമായ സർഗാത്മകത ഞാൻ നാൽപതു വർഷമായി കാണുകയാണ്. അതിനുമെത്രയോ വർഷങ്ങൾക്കു മുന്നേ ഞങ്ങളുടെ സൗഹൃദം ഊട്ടി ഉറപ്പിച്ചിരുന്നു...

മമ്മൂട്ടിയും കെ. മധുവും
വിദ്യാധരന്റെ 'ഭൂതക്കണ്ണാടി'യിൽ മമ്മൂട്ടിയെ നോക്കുമ്പോൾ; അഭിനയത്തിന്റെ മാസ്റ്റർക്ലാസ്!

മധു സാറിനോടൊപ്പം 'പടയോട്ട'ത്തിന്റെ സെറ്റിൽ 1982ൽ ഒരു സിനിമയ്ക്ക് തിരക്കഥ എഴുതാൻ സഹായി ആയി പോയതാണ്. ഞങ്ങൾ മലമ്പുഴയിലെ ലൊക്കേഷനിൽ ചെല്ലുമ്പോൾ ഇങ്ങോട്ട് വന്ന് എന്നെ പരിചയപ്പെട്ടതാണ് മമ്മൂട്ടി. സഹസംവിധായകൻ മധു വൈപ്പിൽ അല്ലേ എന്ന് എന്നോട് ചോദിച്ചു. ആദ്യ കാഴ്ചയിൽ തന്നെ വലിയൊരു സൗഹൃദത്തിന്റെ തുടക്കം അന്നേ അറിഞ്ഞിരുന്നു. എന്നാൽ ഷൂട്ടിംങ്ങുമായി ബന്ധപ്പെട്ട ആദ്യം കാണുന്നത് എം കൃഷ്ണൻ നായർ സാറിന്റെ പടത്തിന്റെ ലൊക്കേഷനിൽ പാലക്കാടു വച്ചാണ്.

പിന്നീട് 'മണിയറ', 'മണിത്താലി' തുടങ്ങിയ ചിത്രങ്ങളിൽ അക്കാലത്ത് സഹകരിച്ചു. ആദ്യം മുതൽ തന്നെ മമ്മൂട്ടിയെ ആശാനെ എന്നാണ് ഞാൻ വിളിച്ചിരുന്നത്. ഇതെങ്ങനെ തുടങ്ങി എന്ന് എനിക്കും മമ്മൂട്ടിക്കും ഓർമ്മയില്ല. അന്നും ആശാനേ എന്നു വിളിച്ചു ഇന്നും ആശാനെ എന്നു വിളിക്കുന്നു . ആ സൗഹൃദത്തിന്റെ ആഴം തിരിച്ചറിയണമെങ്കിൽ ആ വിളികൾക്കുള്ള ഹൃദയം തൊട്ടുള്ള പ്രതികരണങ്ങൾ കേൾക്കണം. അന്നുതൊട്ട് ചെറിയ പരിഭവങ്ങളും ഇണക്കവും പിണക്കവും ഒക്കെയായി ആണ് ഈ കാണുന്ന എല്ലാ സിനിമകളും ഞങ്ങൾ ചെയ്തത്. എന്റെ ആദ്യ സിനിമ ആയ 'മലരും കിളി'യും തൊട്ട് തമിഴ് ചിത്രമായ 'മൗനം സമ്മതം' തുടങ്ങി ആ ബന്ധം തളിർത്തു പന്തലിച്ചു. മമ്മുട്ടിയുടെ ആദ്യ തമിഴ് സിനിമയാണ് 'മൗനം സമ്മതം'. നാലു പതിറ്റാണ്ട് മുമ്പ് പടയോട്ടത്തിന്റെ സെറ്റിൽവെച്ച് കൈ കൊടുത്തപ്പോൾ സംസാരിച്ച അതേ ഊഷ്മളത തന്നെയാണ് ഇന്നും ഒരു ടെലിഫോൺ വിളിയിൽ മമ്മൂട്ടിയുടെതായി മറുതലക്കൽ നിന്ന് കേൾക്കുക. എന്തിനേറെ പറയുന്നു സേതുരാമയ്യർ എന്ന കഥാപാത്രത്തിനായി തുടർച്ചയായി അഞ്ചു സിനിമകൾക്കായി പല കാലത്തായി ഒപ്പം നിന്ന നടനാണ് മമ്മൂട്ടി. എന്റെയും എസ്.എൻ. സ്വാമിയുടെയും ഒപ്പം എക്കാലവും മമ്മൂട്ടി ഉണ്ടായിരുന്നിരുന്നു, ഇനിയും ഉണ്ടാവും.

പ്രിയപ്പെട്ട 'ആശാന്' എന്റെ പിറന്നാൾ ആശംസകൾ!

News Malayalam 24x7
newsmalayalam.com