
സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദര്‍ശന്‍. ചിത്രം, താളവട്ടം, ചന്ദ്രലേഖ, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങി മലയാളികള്‍ നെഞ്ചിലേറ്റിയ പ്രിയദര്‍ശന്‍ സിനിമകള്‍ ഏറെയാണ്. തന്‍റെ സിനിമാ ജീവിതത്തില്‍ നിറവേറ്റാന്‍ ഒരു ആഗ്രഹം കൂടി ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
'ചെറുപ്പത്തില്‍ ക്രിക്കറ്റ് താരമാകണമെന്നും സെഞ്ചുറി അടിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കളിക്കിടെ പരിക്ക് പറ്റിയതിനെത്തുടർന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പക്ഷേ സിനിമയിൽ സെഞ്ചുറി തികയ്ക്കാൻ ഇനി നാലുചിത്രങ്ങൾ കൂടി മതി. നൂറാം ചിത്രത്തിൽ മോഹൻലാലിനെ നായകനാക്കണം'- പ്രിയദർശൻ പറഞ്ഞു.കൊൽക്കത്ത കൈരളി സമാജം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കവെയാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.
ശങ്കര്‍, മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1984 -ല്‍ റിലീസ് ചെയ്ത 'പൂച്ചക്കൊരു മൂക്കുത്തി'യാണ് പ്രിയദര്‍ശന്‍റെ ആദ്യ ചിത്രം. സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തായ മോഹന്‍ലാലിന്‍റെ താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ പ്രിയദര്‍ശനും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഈ ഹിറ്റ് കൂട്ടുകെട്ടിലൂടെ 45 ഓളം സിനിമകളാണ് ഇതുവരെ പുറത്തുവന്നത്. 'മരക്കാർ അറബിക്കടലിന്റെ സിംഹം' ആയിരുന്നു മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ അവസാനം പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറത്ത് ഹിന്ദിയിലും തമിഴിലും ശ്രദ്ധേയമായ സിനിമകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്.