
കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമയെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു തലമുറ വിലയിരുത്തിയ സിനിമ. പ്രണയവും വിരഹവും ഫാന്‍റസിയും ഹൊററുമായി ചേര്‍ത്തുവെച്ച് കഥപറഞ്ഞ സിനിമ. ആസ്വാദകന്‍റെ ഉള്ളില്‍ അവിസ്മരണീയമായ അനുഭൂതി നിറയ്ക്കുന്ന ഒരുപിടി പാട്ടുകള്‍ സമ്മാനിച്ച സിനിമ. മലയാളികള്‍ അന്നോളം കണ്ടുപരിചയിക്കാത്ത കഥപറച്ചിലും അവതരണവും ഉണ്ടായിരുന്നിട്ടും സാമ്പത്തികമായി വിജയിക്കാതെ പോയ സിനിമ. രഘുനാഥ് പലേരിയുടെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമയായി നായകന്‍ മോഹന്‍ലാല്‍ വിശേഷിപ്പിച്ച ദേവദൂതന്‍ പക്ഷെ അന്ന് തീയേറ്ററുകളില്‍ വിജയമായിരുന്നില്ല. സിനിമയും പ്രേക്ഷകനും അത്രയധികം മാറിയ ഇക്കാലത്ത് ദേവദൂതന്‍ എന്തുകൊണ്ട് റീ റിലീസ് ചെയ്യുന്നു എന്നതിനെ കുറിച്ച് സംവിധായകന്‍ സിബി മലയിൽ ന്യൂസ് മലയാളത്തോട് സംസാരിക്കുന്നു..
"ദേവദൂതന്‍ സിനിമയുടെ നിര്‍മാതാവ് സിയാദ് കോക്കറിന്‍റെ മകള്‍ നേതൃത്വം നല്‍കുന്ന കോക്കേഴ്സ് മീഡിയ എന്‍റര്‍ടൈമെന്‍റ് എന്ന സംരംഭമാണ് സിനിമയുടെ റീ റിലീസ് എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. ദേവദൂതനെ കുറിച്ച് ഇന്നത്തെ സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചകളും സിനിമ വീണ്ടും റിലീസ് ചെയ്യണമെന്ന ആളുകളുടെ റിക്വസ്റ്റുകളും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അങ്ങനെയാണ് റീ റിലീസ് എന്ന ചിന്ത വരുന്നത്. ഭാഗ്യമെന്തെന്നാല്‍ സിനിമയുടെ പ്രിന്‍റും സൗണ്ട് ട്രാക്കുകളും ഒന്നും നഷ്ടപ്പെടാതെ വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നതാണ്.
അന്ന് കണ്ടതും കേട്ടതുമായ ദേവദൂതന്‍റെ ഒരു റീ എഡിറ്റഡ് വേര്‍ഷനായിരിക്കും ഇനി വരുന്നത്. കഴിയാവുന്നത്ര പോരായ്മകളെല്ലാം നികത്തികൊണ്ടു തന്നെയാകും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക. വിദ്യാസാഗറിന്‍റെ സംഗീതമാണ് ആളുകളെ വീണ്ടും ദേവദൂതനിലേക്ക് അടുപ്പിക്കുന്നത്. പുതിയ ജനറേഷനെ ആകര്‍ഷിക്കുന്ന ഒരു ഘടകം അതിലെ പാട്ടുകളും ബിജിഎമ്മുകളുമൊക്കെയാണ്.
കാലത്തിന് മുന്‍പേ വന്ന സിനിമയാണ് ദേവദൂതന്‍. അന്ന് സിനിമ പറഞ്ഞ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് എന്തോ സാധിച്ചില്ല, പുതിയ തലമുറയില്‍പ്പെട്ട ഈ സിനിമ തീയേറ്ററിൽ കണ്ട് എക്സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കാതെ പോയവരാണ് റീ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ലോകത്തുള്ള എല്ലാ സിനിമകളും ഇന്ന് വീട്ടിലിരുന്ന് കാണാന്‍ കഴിയുന്നവരാണ് ഈ ജനറേഷനിലുള്ളവര്‍. അവര്‍ കുറച്ചു കൂടി അപ്ഡേറ്റഡാണ്, അവര്‍ക്ക് എന്തായാലും സിനിമ എന്‍ജോയ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദേവദൂതന്‍ റിലീസ് ആയപ്പോള്‍ ഒരു 15 വയസ് പ്രായമുണ്ടായിരുന്ന ആളിന് ഇന്ന് 40 വയസുണ്ടാകും. ആ ജനറേഷനിലുള്ളവരൊക്കെ ഈ സിനിമ തിയേറ്ററില്‍ കാണാന്‍ കഴിയാതെ പോയവരായിരിക്കും. അവരാണ് ഈ സിനിമയുടെ ടാര്‍ഗറ്റഡ് വ്യൂവേഴ്സ്.
സിനിമ റിലീസ് ചെയ്ത സമയത്ത് അതിനൊരു നെഗറ്റീവ് റെസ്പോണ്‍സ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. സിനിമയുടെ ക്വാളിറ്റിയില്‍ ഞങ്ങള്‍ക്ക് അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. മലയാളത്തില്‍ അതുവരെ കാണാത്ത ജോണറിലുള്ള, പറയാത്ത രീതിയിലുള്ള, സ്റ്റോറി ടെല്ലിങ്ങും വിഷ്വല്‍ ക്വാളിറ്റിയും ഉള്ള സിനിമയായിരുന്നു. അത് പ്രേക്ഷകര്‍ സ്വീകരിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അത്തരം പുതുമകളെ സ്വീകരിക്കുന്ന പ്രവണതയായിരുന്നു മലയാള സിനിമക്കുള്ളത്. പക്ഷെ ദേവദൂതന്‍റെ കാര്യത്തില്‍ അത് സംഭവിച്ചില്ല. പിന്നീട് ഞാന്‍ മനസിലാക്കിയത്,
മോഹന്‍ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ഡത്തിലേക്ക് അപ്പോഴേക്കും എത്തിയിരുന്നു എന്നതാണ്. അദ്ദേഹത്തിന്‍റെ ഫാന്‍സിന് ഒരുപക്ഷെ ആ സിനിമ അത്രത്തോളം രസിച്ചിട്ടുണ്ടാവില്ല. അവര്‍ പ്രതീക്ഷിച്ച പോലെ ഒരു സിനിമയായിരുന്നില്ല. അതൊക്കെയായിരിക്കാം അന്ന് ദേവദൂതന് തിരിച്ചടിയായിട്ടുണ്ടാവുക.
അന്ന് ദേവദൂതനില്‍ അഭിനയിച്ചവരില്‍ പലരും ഇന്ന് അറിയപ്പെടുന്ന താരങ്ങളാണ്. അതിന് ഉദാഹരണമാണ് ലെന. വളരെ ചെറിയ ഒരു വേഷമായിരുന്നു ലെനക്ക് സിനിമയില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് സ്ക്രീന്‍ സ്പേസ് കുറഞ്ഞുപോയി എന്ന് തോന്നിയതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം 'പൂവേ പൂവേ പാലപ്പൂവേ' എന്ന ഗാനരംഗത്തില്‍ ലെനയെ കൂടി ഉള്‍പ്പെടുത്തിയത്. അതുപോലെ സ്നേഹ എന്ന സ്റ്റുഡന്‍റിന്‍റെ റോളിലെത്തിയത് വിജയലക്ഷ്മി എന്ന കന്നട നടിയായിരുന്നു. അവരും ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അമ്പത്തി രണ്ടോളം തിയേറ്ററുകളിലാണ് ഇനീഷ്യല്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ മള്‍ട്ടി പ്ലക്സുകളിലും റിലീസ് ഉണ്ടാകും. 4K ഡിറ്റിഎസ് അറ്റ്‌മോസില്‍ സിനിമ ആസ്വദിക്കാന്‍ വേണ്ടിയാണ് ഈ ക്രമീകരണങ്ങളൊക്കെ. റിലീസ് കഴിഞ്ഞുള്ള പ്രതികരണം അനുസരിച്ചാകും കൂടുതല്‍ സ്ക്രീനുകളിലേക്ക് എത്തിക്കുന്ന കാര്യം പരിഗണിക്കുക"- സിബി മലയില്‍ പറഞ്ഞു.
ജൂലൈ 26-ന് ദേവദൂതന്‍റെ 4K ദൃശ്യമികവോട് കൂടിയ റീ- മാസ്റ്റേര്‍ഡ് റീ- എഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തും.