
സ്ത്രീകളോട് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്ന് നടി റിമ കല്ലിങ്കല്‍. ഇന്‍സ്റ്റഗ്രാമിലാണ് റിമ കുറിപ്പ് പങ്കുവെച്ചത്. സമൂഹം എന്തു ചിന്തിക്കുമെന്ന് ആലോചിക്കാതെ നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്നാണ് റിമ കല്ലിങ്കല്‍ പറഞ്ഞത്.
'പ്രിയപ്പെട്ട സ്ത്രീകളെ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്', എന്നാണ് റിമ കുറിച്ചത്.
നടി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെയാണ് റിമ കല്ലിങ്കല്‍ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇന്ന് രാഹുല്‍ ഈശ്വരിനെ വിമര്‍ശിച്ചുകൊണ്ട് ഹണി റോസ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നിര്‍വീര്യമാക്കുന്നുവെന്നും പൂജാരി ആയിരുന്നെങ്കില്‍ അവിടെയും ഡ്രസ് കോഡ് കൊണ്ടുവന്നേനെ എന്നാണ് ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അതിന് പിന്നാലെ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ബോബി ചെമ്മണ്ണൂരിനെ ഹണി റോസിന് വിമര്‍ശിക്കാമെങ്കില്‍ അവരുടെ വേഷവിധാനത്തെ തനിക്കും വിമര്‍ശിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 'ബോചെ ഇങ്ങനെ പറഞ്ഞതിനെതിരെ ആദ്യം വിമര്‍ശിച്ച ആളാണ് ഞാന്‍. കുന്തീ ദേവി പരാമര്‍ശം തെറ്റായിയെന്നും പറഞ്ഞിട്ടുണ്ട്. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ബോബി ചെമ്മണ്ണൂര്‍ ഒഴിവാക്കണം. ബോബിയുടെ ഭാഗത്തും തെറ്റുണ്ട്. എന്നുവെച്ച് മൂന്ന് വര്‍ഷം അദ്ദേഹത്തെ ജയിലില്‍ ഇടണമെന്നാണോ ഹണി റോസ് ഉദ്ദേശിക്കുന്നത്,' രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
'ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് അദ്ദേഹത്തെ വെറുതെ വിടണം. വസ്ത്രധാരണത്തിലെ മാന്യത ഹണി റോസും പാലിക്കണം. അവരുടെ വസ്ത്രധാരണത്തില്‍ പലര്‍ക്കും വിമര്‍ശനം ഉണ്ട്. മലയാളികളില്‍ പലര്‍ക്കും അവര്‍ക്കും അവരുടെ വസത്രധാരണത്തില്‍ പരാതിയുണ്ട്. ക്ഷേത്രത്തില്‍ ഡ്രസ് കോഡ് ഉണ്ടെന്ന് ഹണി റോസിന് അറിയാത്തതാണ്. ഹണി റോസ് സഭ്യമായ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് പറയുന്നത് ബഹുമാനത്തോടെയുള്ള വിമര്‍ശനമായി കണക്കാക്കണം,' രാഹുല്‍ ഈശ്വര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.