ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’; ആഗോള റിലീസ് നവംബർ 20ന്

പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
‘ആകാശംലോ ഒക താര’ പോസ്റ്റർ
‘ആകാശംലോ ഒക താര’ പോസ്റ്റർ
Published on
Updated on

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ നവംബർ 20ന് ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി ചിത്രം അവതരിപ്പിക്കുന്നു.

നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയാണ് നായികയായി എത്തുന്നത്. ശ്രുതി ഹാസൻ ചിത്രത്തിലെ മറ്റൊരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

ചിത്രം കണ്ടതിന് ശേഷം ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് കുമാർ സമൂഹ മാധ്യമങ്ങളിലൂടെ ‘ആകാശംലോ ഒക താര’യെ പ്രശംസിച്ചിരുന്നു. ചിത്രം ഗംഭീരമായി വന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ജി.വി പ്രകാശിന്റെ ഈ പ്രതികരണം റിലീസിന് മുന്നോടിയായി ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്.

‘ആകാശംലോ ഒക താര’ പോസ്റ്റർ
‘ആകാശംലോ ഒക താര’ പോസ്റ്റർ

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ വലിയ സ്വീകാര്യത നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലും ശ്രദ്ധേയമായ അതിഥി വേഷത്തിൽ ദുൽഖർ എത്തിയിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക താര’.

രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com