
കൊച്ചി: ഓണം തൂക്കാൻ 'ലോക ചാപ്റ്റർ 1: ചന്ദ്ര' തിയേറ്ററുകളിലേക്ക്. വേ ഫെയ്റർ നിർമിച്ച സസ്പെൻസും ത്രില്ലറുമൊളിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ ദുൽഖർ സൽമാനും മമ്മൂട്ടിയുമൊക്കെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ചന്ദ്രയെന്ന വനിതാ സൂപ്പർ ഹീറോ ആയി കല്യാണി പ്രിയദർശനാണ് ഓണക്കാലത്ത് തിയേറ്ററുകളിൽ ഓളം തീർക്കാനെത്തുന്നത്. ഓഗസ്റ്റ് 28നാണ് ലോക ചാപ്റ്റർ 1: ചന്ദ്ര' തീയേറ്ററുകളിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
സ്പേസിൽ നിന്നുമെത്തുന്ന അമാനുഷിക കഴിവുകളുള്ള യുവതിയായാണ് ഈ കഥാപാത്രം തിളങ്ങുന്നത്. "എന്നെ എന്തിനാ ഇങ്ങോട്ട് വിളിപ്പിച്ചേ? എന്തേലും പ്രശ്നമുണ്ടോ?" എന്ന ചന്ദ്രയുടെ ചോദ്യത്തിന്, "അയാൾ വരട്ടെ, അയാൾ പറയും" എന്നിങ്ങനെയാണ് നിഷാന്ത സാഗറിൻ്റെ കഥാപാത്രം മറുപടി നൽകുന്നത്. എന്നാൽ ട്രെയ്‌ലറിൻ്റെ അവസാനം സ്ക്രീനിൽ കാണിക്കുന്ന ഈ വ്യക്തി ക്യാമറയ്ക്ക് മുഖം തിരിഞ്ഞാണ് നിൽക്കുന്നത്.
അതേസമയം, സമൂഹ മാധ്യമങ്ങളിലും ട്രെയ്‌ലറിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. "ബെസ്റ്റ് തിയേറ്റർ എക്സ്പീരിയൻസ് കിട്ടുന്ന പടം ആവട്ടെ എന്ന് ആശംസിക്കുന്നു. മലയാളം ഇൻഡസ്ട്രി പാൻ വേൾഡ് ലെവൽ അറിയപ്പെടട്ടെ", "ആദ്യം മനസ്സിൽ ഓടിയത് സ്ട്രേഞ്ചർ തിങ്സ് പോലുള്ള ഒരു സ്റ്റോറി ബേസ് ആണെന്ന് തോന്നുന്നു", "ഇതൊരു മലയാള സിനിമയുടെ ഫ്രെയിം ആണോ😮💨🔥 ഇങ്ങനെയൊരു ടീമിനെ സെറ്റ് ചെയ്ത് കൊണ്ടുവന്ന ദുൽഖറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല❤"... എന്നിങ്ങനെയാണ് പലരുടേയും കമൻ്റുകൾ.