"ആകാശത്തോളം സ്വപ്നം കാണാൻ യുവതലമുറയ്ക്ക് പ്രചോദനമായി"; എ.പി.ജെ. അബ്‌ദുൾ കലാം, വിക്രം സാരാഭായ്, കല്പന ചൗള എന്നിവർക്ക് സമർപ്പണമായി ദുൽഖർ ചിത്രം 'AOT'

പ്രണയവും കുടുംബബന്ധങ്ങളും സ്വപ്നങ്ങളും അതിജീവനവും ബഹിരാകാശ മോഹങ്ങളും ഇഴചേർത്തൊരുക്കിയ ഒരു ഇൻസ്പിരേഷണൽ ഡ്രാമയാണ് ‘ആകാശംലോ ഒക താര’
'ആകാശംലോ ഒക താര' സിനിമ
'ആകാശംലോ ഒക താര' സിനിമ
Published on: 
Updated on: 

സ്വപ്നങ്ങൾക്ക് അതിരുകളോ അതിർത്തികളോ ഇല്ലെന്ന വലിയ സന്ദേശം വളർന്നുവരുന്ന യുവതലമുറയ്ക്ക് പകരുകയാണ് ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'ആകാശംലോ ഒക താര' (ആകാശത്തിൽ ഒരു താരകം). ഇന്ത്യയുടെ ശാസ്ത്ര-ബഹിരാകാശ മുന്നേറ്റങ്ങൾക്ക് വഴികാട്ടികളായ ഡോ. എ.പി.ജെ. അബ്ദുൾ കലാം, വിക്രം സാരാഭായ്, ബഹിരാകാശ സഞ്ചാരി കല്പന ചൗള എന്നിവർക്കുള്ള സമർപ്പണം കൂടിയാണ് ചിത്രം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ആകാശത്തിനപ്പുറമുള്ള ലോകം സ്വപ്നം കാണുന്ന പെൺകുട്ടിയുടെ യാത്രയിലൂടെ പ്രതീക്ഷയുടെയും നിശ്ചയദാർഢ്യത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും വലിയ കഥയാണ് സിനിമ പറയുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.

ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച കല്പനയുടെ മനസ്സിൽ ബഹിരാകാശത്തെക്കുറിച്ചുള്ള കൗതുകം വളരുന്നതും ഒരു ദിവസം ബഹിരാകാശ സഞ്ചാരിയാകണമെന്ന സ്വപ്നം അവൾ നെഞ്ചേറ്റുന്നതുമാണ് ചിത്രത്തിന്റെ കഥയുടെ കാതൽ. ചുറ്റുപാടുകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും അവളുടെ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സങ്ങൾ തീർക്കുമ്പോഴും ആഗ്രഹം ഉപേക്ഷിക്കാൻ കല്പന തയ്യാറാകുന്നില്ല. എന്നാൽ ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ അവളുടെ സ്വപ്നയാത്രയ്ക്ക് വെല്ലുവിളിയാകുന്നു. അപ്പോഴാണ് കൃഷ്ണ എന്ന കഥാപാത്രം അവളുടെ ജീവിതത്തിലേക്ക് എത്തുന്നത്. കല്പനയുടെ സ്വപ്നം തിരിച്ചറിയുന്ന കൃഷ്ണ അത് സാക്ഷാത്കരിക്കാൻ അവൾക്കൊപ്പം നിൽക്കുന്നു. ഒരാളുടെ സ്വപ്നം മറ്റൊരാളുടെ ജീവിതലക്ഷ്യമായി മാറുന്ന മനോഹരമായ ബന്ധത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രതിഭയുള്ളവർക്ക് അവസരവും പിന്തുണയും ലഭിച്ചാൽ അസാധ്യമെന്ന് കരുതുന്ന ലക്ഷ്യങ്ങൾ പോലും നേടിയെടുക്കാനാകുമെന്ന പ്രചോദനാത്മകമായ ആശയമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

'ആകാശംലോ ഒക താര' സിനിമ
പനോരമ സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബനും ദിൻജിത്ത് അയ്യത്താനും ഒന്നിക്കുന്നു; സംവിധാനം അഭിജിത്ത് കാഞ്ഞിരത്തിങ്കൽ

ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്വപ്നങ്ങളെക്കുറിച്ചുള്ള വാക്കുകൾ ചിത്രത്തിന്റെ പ്രമേയത്തിന് വലിയ പ്രചോദനമാകുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് അടിത്തറ പാകിയ വിക്രം സാരാഭായിയുടെ ദീർഘവീക്ഷണവും ബഹിരാകാശത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ കല്പന ചൗളയുടെ ജീവിതയാത്രയും സിനിമയുടെ ആശയലോകവുമായി ചേർന്നുനിൽക്കുന്നു. ഇവരുടെ ജീവിതങ്ങൾ പുതിയ തലമുറയ്ക്ക് മുന്നിൽ തുറന്നുവെക്കുന്ന വലിയ പാഠം ഇതാണ്: നമ്മൾ എവിടെ ജനിക്കുന്നു എന്നതല്ല, എത്ര ഉയരത്തിൽ സ്വപ്നം കാണുന്നു എന്നതാണ് പ്രധാനം. പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വപ്നങ്ങൾക്കും അവസരങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം, സമൂഹത്തിന്റെ പരിമിതമായ ചിന്താഗതികളെ മറികടന്ന് സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നേറാനുള്ള പ്രചോദനവും നൽകുന്നു.

കൃഷ്ണയായി ദുൽഖർ സൽമാനും കല്പനയായി സാത്വിക വീരവല്ലിയും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. കല്പനയുടെ നിഷ്കളങ്കതയും സ്വപ്നങ്ങളോടുള്ള ആത്മാർഥതയും പോരാട്ടവീര്യവും സാത്വിക മനോഹരമായി അവതരിപ്പിക്കുമ്പോൾ, അവളുടെ സ്വപ്നങ്ങൾക്ക് കരുത്താകുന്ന കൃഷ്ണയായി ദുൽഖറും ശ്രദ്ധേയമാകുന്നു. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥയിൽ നിർണായകമായ പങ്കുവഹിക്കുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ ആഴം നൽകുന്നു. സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ശ്വേത സാബു സിറിലിന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തിന്റെ ദൃശ്യലോകത്തിന് മിഴിവേകുന്നു.

പ്രണയവും കുടുംബബന്ധങ്ങളും സ്വപ്നങ്ങളും അതിജീവനവും ബഹിരാകാശ മോഹങ്ങളും ഇഴചേർത്തൊരുക്കിയ ഒരു ഇൻസ്പിരേഷണൽ ഡ്രാമയാണ് ‘ആകാശംലോ ഒക താര’. സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അസാധാരണമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര പറയുന്ന ചിത്രം, വിജയത്തിലേക്കുള്ള പാതയിൽ സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രാധാന്യവും ഓർമിപ്പിക്കുന്നു. മികച്ച പ്രകടനങ്ങളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും പ്രചോദനാത്മകമായ പ്രമേയവും കൊണ്ട് കുടുംബപ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമാനുഭവമായി ചിത്രം മാറുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ ചിത്രം പ്രദർശനം തുടരുകയാണ്.

രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം.