'കൈ'വിട്ട കളിയാകുന്ന റിവഞ്ച് സ്റ്റോറി! 'ഐ ആം ​ഗെയിം' റിവ്യൂ | I'M GAME REVIEW

ആക്ഷൻ രം​ഗങ്ങൾ ഒരുക്കുന്നതിൽ നഹാസിനുള്ള വിരുത് 'ആർഡിഎക്സി'ൽ നമ്മൾ കണ്ടതാണ്. പക്ഷേ...
'കൈ'വിട്ട കളിയാകുന്ന റിവഞ്ച് സ്റ്റോറി!  'ഐ ആം ​ഗെയിം' റിവ്യൂ | I'M GAME REVIEW
Published on
Updated on

മൂന്ന് വർഷം മുൻപാണ് ദുൽഖർ സൽമാൻ നായകനായ ഒരു മലയാളം ചിത്രം റിലീസ് ആകുന്നത്. ഒരു ഓണം റിലീസ് - കിംഗ് ഓഫ് കൊത്ത. അന്ന് പ്രതീക്ഷിച്ച വിജയം ആ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചില്ല. അന്ന് കൊത്തയുമായി ക്ലാഷ് റിലീസ് ചെയ്ത ആർഡിഎക്സ് എന്ന ചിത്രം അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് വർഷങ്ങൾക്കിപ്പുറം, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നടൻ എന്ന നിലയിൽ തന്റേതായ ഒരു ഇടം നേടി, ലോകയിലൂടെ നിർമാതാവ് എന്ന നിലയിൽ പാൻ ഇന്ത്യൻ തലത്തിൽ പേരെടുത്ത ശേഷം ആർഡിഎക്സ് ഒരുക്കിയ നഹാസ് ഹിദായത്തുമായി ചേർന്ന് ദുൽഖർ സൽമാൻ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നു. അതും ഒരു ഫാന്റസി ആക്ഷൻ ത്രില്ലറുമായി - ഐ ആം ഗെയിം. ഈ സിനിമയിൽ ആക്ഷനുണ്ട്, ഫാന്റസിയുണ്ട്, സ്റ്റൈലിഷായ ദുൽഖറുമുണ്ട്. പക്ഷേ, ആ‍‍ർഡിഎക്സിലുള്ള ഇമോഷനില്ല.

കാശ് കൊണ്ടു കളിക്കുന്നവരുടെ കഥയാണ് ഐ ആം ​ഗെയിം. പുരാണങ്ങളിൽ ഈ കളിക്ക് ചൂത് എന്ന് പറയും. ഇന്നതിന് ബെറ്റിങ്ങെന്നും ​ഗാംബ്ലിങ്ങെന്നുമൊക്കെയാണ് പേര്. നിയമപരമായും അല്ലാതെയും നടക്കുന്ന ഇത്തരം ​ബെറ്റിങ്ങുകളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ​നായകൻ ഒരു ​ഗാംബ്ലറാണ്. കരിയറിനെപ്പറ്റിയോ കാശിനെപ്പറ്റിയോ ആലോചിക്കേണ്ടാത്ത ഒരു പ്രിവിലേജ്ഡ് അ‍ർബൻ യുവാവ്. ജീവിതം അയാളിങ്ങനെ ആഘോഷമാക്കുകയാണ്. പക്ഷേ, എല്ലാം തകിടം മറിച്ചുകൊണ്ട് ഒരു അപകടം അയാളുടെ ജീവിതത്തിലേക്ക് വരുന്നു. പിന്നങ്ങോട്ട് കയ്യാങ്കളിയാണ്. അക്ഷരാ‍ർഥത്തിൽ കയ്യാങ്കളി. കഥ ഇവിടെയാണ് കൈവിട്ടുപോകുന്നതും.

'കൈ'വിട്ട കളിയാകുന്ന റിവഞ്ച് സ്റ്റോറി!  'ഐ ആം ​ഗെയിം' റിവ്യൂ | I'M GAME REVIEW
'കെജിഎഫ്' ഹാങ്ഓവർ മാറാതെ യഷ്, പരീക്ഷണങ്ങളുമായി ​ഗീതു മോഹൻദാസ്; 'ടോക്സിക്' റിവ്യൂ | TOXIC REVIEW

ആക്ഷൻ രം​ഗങ്ങൾ ഒരുക്കുന്നതിൽ നഹാസിനുള്ള വിരുത് ആർഡിഎക്സിൽ നമ്മൾ കണ്ടതാണ്. അത് ഈ സിനിമയിലും പ്രകടമാണ്. ദുൽഖ‍ർ അത് കൈകാര്യം ചെയ്തിരിക്കുന്നതും മനോഹരമായാണ്. പക്ഷേ, ഈ ആക്ഷൻ രം​ഗങ്ങളൊന്നും തന്നെ നമ്മളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുന്നില്ല. നിർവികാരമാണ് ഈ സീക്വൻസുകൾ. ചമൻ ചാക്കോയുടെ കട്ടുകൾക്കോ ജേക്സ് ബിജോയ്‌യുടെ മാസ് സ്കോറിനോ സിനിമയുടെ കോർ ആയ ഈ സീനുകളെ ഉയർത്താൻ സാധിക്കുന്നില്ല. കഥാപാത്രങ്ങളുമായി നമുക്ക് അടുക്കാൻ സാധിക്കാത്തതാകണം അതിന് കാരണം. മിഷ്കിന്റെ വില്ലനും ദുൽഖറും ആന്റണി വർഗീസും എല്ലാം ഇമോഷണലി ദൂരെയാണ്. എഴുത്തിന്റെ പോരായ്മയാണത്. ആദ്യ പകുതിയിൽ അത്രകണ്ട് പ്രകടമല്ലെങ്കിൽ രണ്ടാം പകുതിയിൽ സിനിമയുടെ ദൈർഘ്യത്തെപ്പറ്റി നമ്മൾ അറിയാതെ ഓർ‌ത്തുപോകും. കഥയിങ്ങനെ മുന്നോട്ട് കിടക്കുകയാണെന്ന് നമുക്ക് അറിയാം. അതെവിടെ ചെന്നുനിൽക്കും എന്നും നമുക്ക് ഒരൂഹം ലഭിക്കും. അപ്പോഴും ഒരു പ്രതീക്ഷയുണ്ടല്ലോ, ഇതങ്ങനെയാവില്ല എന്നൊരു തോന്നൽ. ഒടുവിൽ തിരക്കിട്ട്, കാലാകാലങ്ങളായി ഇത്തരം സിനിമകൾ ചെന്നുനിൽകുന്ന സ്റ്റോപ്പിൽ തന്നെ ഈ ചിത്രവും റൈഡ് അവസാനിപ്പിക്കുന്നു.

ഒരു ചെറിയ മനോഹരമായ എലമെന്റ് ഈ സിനിമയുടെ കഥയിലുണ്ട്. പ്രകടനം കൊണ്ട് ദുൽഖർ അതിനെ വലുതാക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നാൽ, തിരക്കഥയുടെ ശക്തിയില്ലായ്മ ആ ശ്രമം വിഫലമാക്കുന്നു. കാന്ത സിനിമയിലെ നടന്റെ പ്രകടനം ഓർമയുള്ളവർക്ക് ഈ സിനിമയിലെ ചില സീനുകൾ കാണുമ്പോൾ അതൊരു റിഹേഴ്സലായിരുന്നോ എന്ന് തോന്നിയേക്കും. ദുൽഖറിനെ എങ്ങനെ മനോഹരമായി കാണിക്കാം എന്ന ഉദ്യമത്തിൽ സിനിമാറ്റോ​ഗ്രാഫർ ജിംഷി ഖാലിദ് വിജയിച്ചിട്ടുണ്ട്. ആകെ മൊത്തം ഒരു കസീനോയ്ക്ക് അകത്തെത്തിയപോലെ ഒരു ഫീൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ദുൽഖറില്ലാത്ത രം​ഗങ്ങളിൽ അതും കഥയിലെ തന്ത്രപ്രധാനമായ പല രം​ഗങ്ങളിലും ഫ്രെയിമുകൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നില്ല. സിനിമയിലെ പാട്ടുകളുടെ കാര്യവും അങ്ങനെ തന്നെയാണ്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ട്രാക്കുകൾ ഒന്നും തന്നെ സിനിമയിലുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ, സിനിമയുടെ പോക്കിനെ ഉപദ്രവിക്കാത്ത വിധമാണ് ഈ ട്രാക്കുകൾ എല്ലാം വന്നുപോകുന്നത്.

'കൈ'വിട്ട കളിയാകുന്ന റിവഞ്ച് സ്റ്റോറി!  'ഐ ആം ​ഗെയിം' റിവ്യൂ | I'M GAME REVIEW
മോഹൻലാലിന് ഇരട്ടിപ്പണി! പാതിവെന്ത തിരക്കഥയിൽ ഒരു ഇടിപ്പടം; 'ഖലീഫ' റിവ്യൂ | KHALIFA REVIEW

ഐ ആം ​ഗെയിം എന്ന വാക്കിന്റെ അർഥം ഞാൻ തയ്യാറാണ് എന്നാണ്. ഇവിടെ രണ്ടും കൽപ്പിച്ച് എന്തിനും തയ്യാറായി തന്നെയാണ് കഥാപാത്രങ്ങളും അണിയറപ്രവർത്തകരും ഇറങ്ങിയിരിക്കുന്നതും. അവരുടെ കയ്യിൽ ആവേശകരമായ ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷേ, ആ ഐഡിയ വികസിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. പതിവ് റിവഞ്ച് സ്റ്റോറിയായി മാത്രം മാറാനായിരുന്നു ആ ആശയത്തിന്റെ വിധി.

News Malayalam 24x7
newsmalayalam.com