പണമെന്ന ലഹരി; 'ലക്കി ഭാസ്‌കര്‍' ട്രെയ്‌ലര്‍ എത്തി

ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്
പണമെന്ന ലഹരി; 'ലക്കി ഭാസ്‌കര്‍' ട്രെയ്‌ലര്‍ എത്തി
Published on


ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന്റെ ട്രെയ്‌ലര്‍ പുറത്ത്. ദീപാവലി റിലീസായി ഒക്ടോബര്‍ 31 ന് റിലീസ് ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ്. ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിന്റെ ലോകത്തേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

സുമതി എന്ന കഥാപാത്രമായി നായിക മീനാക്ഷി ചൌധരി എത്തുമ്പോള്‍ തന്റെ അതിശയകരമായ ദൃശ്യങ്ങള്‍ കൊണ്ട് 80കളുടെയും 90കളുടെയും ബോംബെയിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്ന ഛായാഗ്രാഹകന്‍ നിമിഷ് രവിയും ബ്രഹ്‌മാണ്ഡ സെറ്റുകളിലൂടെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ളാനും കയ്യടി നേടുന്നു. സംഗീതസംവിധായകന്‍ ജി. വി. പ്രകാശ് കുമാറിന്റെ ഗംഭീര പശ്ചാത്തല സംഗീതമാണ് ട്രൈലറിന്റെ മറ്റൊരു മികവ്. എഡിറ്റിംഗ് നവീന്‍ നൂലി. ഒക്ടോബര്‍ 31 ന് തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. പിആര്‍ഒ- ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com