
മലയാളത്തില്‍ നിന്ന് തെന്നിന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ജനപ്രീതി നേടിയ താരം ദുല്‍ഖര്‍ സല്‍മാന്‍, ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്റെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. കഴിഞ്ഞ വര്‍ഷം ഓണം റിലീസായി എത്തിയ കിംഗ് ഓഫ് കൊത്തക്ക് ശേഷം ഇപ്പോഴാണ് ഒരു ദുല്‍ഖര്‍ ചിത്രം റിലീസിന് തയ്യാറാവുന്നത്. ഒക്ടോബര്‍ 31 ന് ദുല്‍ഖര്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ ആരാധകരുടെയും സിനിമാ പ്രേമികളുടേയും മനസ്സില്‍ മുഴങ്ങുന്നത്, ഇത്തവണ ദുല്‍ഖര്‍ ബോക്‌സ് ഓഫീസില്‍ വാഴുമോ അതോ വീഴുമോ എന്ന ചോദ്യമാണ്. റിലീസ് ചെയ്ത സമയത് ഏറെ നെഗറ്റീവ് കമന്റുകള്‍ ഏറ്റു വാങ്ങിയ ചിത്രമായിരുന്നിട്ടു കൂടി ബോക്‌സ് ഓഫീസില്‍ ലാഭം നേടിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത.
അതിന് ശേഷം ലക്കി ഭാസ്‌കറുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ്. വീണ്ടും ഒരു ദുല്‍ഖര്‍ ചിത്രം വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുമോ?, ബോക്‌സ് ഓഫീസില്‍ എത്ര വലിയ വിജയത്തിലേക്ക് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് കുതിക്കാനാകും?, എന്നതൊക്കെ അറിയാന്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇതിനോടകം മുപ്പത്തിയാറോളം ചിത്രങ്ങളില്‍ വേഷമിട്ട ദുല്‍ഖര്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തന്നെ പത്തിന് മുകളില്‍ ചിത്രങ്ങള്‍ ചെയ്ത് കഴിഞ്ഞു. ഇതില്‍ ബഹുഭൂരിപക്ഷവും വലിയ വിജയങ്ങളുമാണ്.
ദുല്‍ഖറിന് ഇന്ത്യയിലുടനീളമുള്ള ഈ ജനപ്രീതി ലക്കി ഭാസ്‌കറിനെയും തുണക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. കിംഗ് ഓഫ് കൊത്തയിലൂടെ ഏറ്റു വാങ്ങിയ വിമര്‍ശനങ്ങള്‍ക്ക് ഒരു ഗംഭീര വിജയത്തിലൂടെ മറുപടി നല്‍കാന്‍ ദുല്‍ഖറിന് സാധിക്കുമോ എന്നതും ആരാധകരുടെ മനസ്സിലെ പ്രധാന ചോദ്യങ്ങളിലൊന്നാണ്. യുവ പ്രേക്ഷകരുടെ അമ്പരപ്പിക്കുന്ന പിന്തുണയുള്ള ഈ താരത്തിന്, ലക്കി ഭാസ്‌കറിലൂടെ കുടുംബ പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ സാധിക്കുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാഴ്ചയാണ്. ഒരു വര്‍ഷത്തിന് ശേഷം നായകനായി വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍, വിമര്‍ശനങ്ങളെ കയ്യടികളാക്കി മാറ്റാന്‍ മലയാളത്തിന്റെ യുവസൂപ്പര്‍താരത്തിന് സാധിക്കുമോ? വെങ്കട് അറ്റ്‌ലൂരിയാണ് ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‌കര്‍ സംവിധാനം ചെയ്യുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. സിതാര എന്റര്‍ട്ടെയിന്‍മെന്റസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.