

ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ അവസാനിച്ചു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിലെ വളരെ നിർണായകമായ രംഗങ്ങൾ ആണ് ഇപ്പോൾ അവസാനിച്ച ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് വിവരം. 'DQ41' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമിക്കുന്നത്. SLV സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ - പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41ാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന അടുത്ത റിലീസുകൾ. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് 'DQ41' രചിച്ചിരിക്കുന്നതും. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്.
രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.