ദുല്‍ഖര്‍ സല്‍മാന്റെ 41-ാം ചിത്രം; ആദ്യ ക്ലാപ്പടിച്ച് നാനി

നവാഗതനായ രവി നെലകുടിറ്റിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
dulquer salmaan and nani
ദുല്‍ഖർ സല്‍മാന്‍, നാനി Source : PRO
Published on

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. എസ്എല്‍വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖറിന്റെ 41-ാമത്തെ സിനിമയാണ്. ഹൈദരാബാദില്‍ നടന്ന പൂജ ചടങ്ങോടെ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ക്ലാപ്പ് അടിച്ചത് നാനിയാണ്. ചിത്രത്തിന്റെ റെഗുലര്‍ ഷൂട്ടിംഗ് ഇന്ന് മുതല്‍ ആരംഭിച്ചു.

മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പന്‍ വിജയങ്ങളുമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതില്‍ പേരുകേട്ട ദുല്‍ഖര്‍ തന്റെ 41-ാമത്തെ ചിത്രമായ DQ41ല്‍, മാനുഷിക വികാരങ്ങളുമായി ഇഴചേര്‍ന്ന ഒരു സമകാലിക പ്രണയകഥയ്ക്കായി നവാഗത സംവിധായകന്‍ രവി നെലകുടിറ്റിയുമായി ഒന്നിക്കുന്നു.

dulquer salmaan and nani
"സിനിമയോടുള്ള എന്ത് ഇഷ്ടം?"; രാഞ്ജനയെ കുറിച്ചുള്ള പോസ്റ്റിന് പിന്നാലെ ധനുഷിന് വിമര്‍ശനം

ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ച് പരിപാടിയില്‍, നിരവധി വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശുഭ മുഹൂര്‍ത്തത്തില്‍ നാച്ചുറല്‍ സ്റ്റാര്‍ നാനി ആദ്യ ക്ലാപ്പടിച്ചപ്പോള്‍, സംവിധായകന്‍ ബുച്ചി ബാബു സന ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ഗുന്നം സന്ദീപ്, നാനി, രമ്യ ഗുന്നം എന്നിവര്‍ ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ചിത്രത്തിന്റെ ആദ്യ ഷോട്ട് രവി നെലകുടിറ്റി തന്നെയാണ് സംവിധാനം ചെയ്തത്. ദസറ, ദി പാരഡൈസ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ശ്രീകാന്ത് ഒഡെലയും ചടങ്ങില്‍ പങ്കെടുത്തു.

വമ്പന്‍ ബജറ്റില്‍ ഉയര്‍ന്ന സങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ഈ ചിത്രം പരിചയസമ്പന്നരായ അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു മികച്ച നിരയെ അവതരിപ്പിക്കും. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടും.

രചന, സംവിധാനം: രവി നെലക്കുടിറ്റി, നിര്‍മ്മാതാവ്: സുധാകര്‍ ചെറുകുരി, ബാനര്‍: എസ്എല്‍വി സിനിമാസ്, സഹനിര്‍മ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാര്‍ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്: ഫസ്റ്റ്‌ഷോ, പിആര്‍ഒ - ശബരി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com