
ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന എമര്‍ജന്‍സിയുടെ റിലീസ് മാറ്റി വെച്ചു. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ റിലീസ് തീയതി അറിയിക്കുമെന്ന് കങ്കണ അറിയിച്ചു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കങ്കണ ഇക്കാര്യം അറിയിച്ചത്.
'ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച വിവിരം അതീവ ദുഖത്തോടെ അറിയിക്കുന്നു. ഞങ്ങള്‍ക്ക് ഇതുവരെ സെന്‍സര്‍ ബോര്‍ഡില്‍ നിന്നും സെര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുന്നതായിരിക്കും. എല്ലാം മനസിലാക്കി ക്ഷമയോടെ നില്‍ക്കുന്നതിന് പ്രേക്ഷകര്‍ക്ക് നന്ദി', കങ്കണ എക്‌സില്‍ കുറിച്ചു.
കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. സീ സ്റ്റുഡിയോസും കങ്കണ റണാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അനുപം ഖേര്‍, ശ്രേയസ് തല്‍പാഡെ, വിശാഖ് നായര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്.