

ചെന്നൈ: സൂര്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് കറുപ്പ്. എന്നാല്‍ ചിത്രത്തിൻ്റെ റിലീസ് ദിവസം ആദ്യ ഷോകൾ മുടങ്ങിയെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൻ്റെ നിര്‍മാണ കമ്പനിയായ ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്സിൻ്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് സൂര്യ ചിത്രത്തിൻ്റെ റിലീസ് മുടങ്ങിയത്.
സൂര്യയുടെ തിരിച്ചുവരവാകുമെന്ന് കരുതിയിരുന്ന ചിത്രത്തിനാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സിനിമയുടെ റിലീസ് മുടങ്ങിയതിന് പിന്നാലെ മാപ്പ് ചോദിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകന്‍ ആര്‍.ജെ. ബാലാജി. മെയ് 14ന് കറുപ്പ് റിലീസാകുമെന്നും വലിയ വിജയമാകുമെന്നും കരുതിയിരുന്നുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് ബാലാജി പറഞ്ഞു.
"എല്ലാവര്‍ക്കും നമസ്‌കാരം. കാറിലിരുന്ന് വീണ്ടുമൊരു അപ്പ്‌ഡേറ്റ്. ഇത് അവസാനത്തേതാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടുള്ളതായിരുന്നില്ല. സിനിമ കാണാന്‍ അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ ഒമ്പത് മണിക്ക് തിയേറ്ററില്‍ എത്തിയ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ പ്രിയപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നു. ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു. സിനിമ കാണുന്നത് തന്നെ ജീവിതത്തിലേയും ജോലി സ്ഥലത്തിലേയും ടെന്‍ഷന്‍ മറക്കാനാണ്. ആ സിനിമ കാണുന്നത് തന്നെ ഒരു സ്‌ട്രെസ് ആയിമാറിയതില്‍ ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. ഞാനും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പ്രശ്നങ്ങളൊക്കെ പരിഹരിച്ച് സിനിമ റിലീസ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു," സംവിധായകന്‍ പറഞ്ഞു.
"മെയ് 14ന് കറുപ്പ് റിലീസാകും, ബ്ലോക്ക്‌ബസ്റ്ററാകും എന്നൊക്കെ ഞാന്‍ മാനിഫെസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ കണ്ണ് നിറയുന്നുണ്ട്.. വേദനയുണ്ട്.. അത് വേറെ ഡിപ്പാര്‍ട്ട്‌മെൻ്റാണ്.. ദൈവം എല്ലാത്തില്‍ നിന്നും രക്ഷിച്ചെടുത്ത്, എല്ലാ പ്രശ്നവും പരിഹരിച്ച് വൈകുന്നേരത്തോടെ സിനിമ റിലീസാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി ശ്രമിക്കുകയാണ്. സൂര്യ സാര്‍ അടക്കം ഒരുപാട് പേര്‍ ഇതിനായി വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. ഈ കാലതാമസത്തിനും നിങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്കും ക്ഷമ ചോദിക്കുന്നു. പക്ഷെ ഇതിനെല്ലാം അര്‍ത്ഥമുണ്ടാകും," ബാലാജി പറഞ്ഞു.
"ഇന്ന് വൈകുന്നേരം സിനിമ എത്തും, അത് ഗംഭീരമായിരിക്കും. നിങ്ങള്‍ക്ക് അത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ പറയാറുള്ളത് പോലെ 'കറുപ്പ് വരും. വഴി മറക്കില്ല. ഇപ്പോഴും ഒരുപാട് പേര്‍ തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങള്‍ മറയ്ക്കപ്പെടുന്നുണ്ട്. എങ്കിലും എല്ലാത്തിനേയും മറികടന്ന് ഇന്ന് വൈകീട്ട് സിനിമ തീയേറ്ററിൽ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ട്, എല്ലാം ശുഭമായി ഭവിക്കും. സിനിമ നല്ലതായിരിക്കും, നിങ്ങള്‍ക്കത് ഇഷ്ടപ്പെടും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി," ബാലാജി പറഞ്ഞു.