
ഇന്ത്യന്‍ 2 ചിത്രത്തിനെതിരെ ആരോപണവുമായ തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാര്‍. സിനിമയില്‍ തങ്ങളെ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇന്ത്യന്‍ 2-ലെ ഒരു രംഗത്തില്‍ തങ്ങളെ കൈക്കൂലിക്കാരായാണ് ചിത്രീകരിക്കുന്നതെന്നും ഇതംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷന്‍ വ്യക്തമാക്കി.
'ഞങ്ങളൊരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാള്‍ വലിയ കളികള്‍ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നു. ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം', എന്നും ഇ-സേവ അധികൃതര്‍ ആവശ്യപ്പെട്ടു.
അതേസമയം ചിത്രത്തിന്റെ ദൈര്‍ഘ്യം 12 മിനിറ്റ് വെട്ടിക്കുറച്ചെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചിത്രത്തിന്റെ ദൈര്‍ഘ്യത്തെ ചൊല്ലി ചര്‍ച്ചകള്‍ നടന്നിരുന്നു.
200 കോടിയോളം രൂപയാണ് ഇന്ത്യന്‍ 2ന്റെ ബജറ്റ്. ചിത്രം ജൂലൈ 12നാണ് തിയേറ്ററിലെത്തിയത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജയിന്റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ 2 നിര്‍മിച്ചിരിക്കുന്നത്.