
പ്രശസ്ത എച്ച്ബിഓ സീരീസായ യൂഫോറിയയുടെ മൂന്നാമത്തെ സീസണിന്റെ റിലീസ് തീയതി പുറത്ത്. നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസാണ് ഇക്കാര്യം പുറത്തുവിട്ടതെന്ന് ഇ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീരീസിന്റെ മൂന്നാം സീസണ്‍ 2026ല്‍ പ്രീമിയര്‍ ചെയ്യുമെന്നാണ് വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഗ്ലോബല്‍ ചീഫ് ജെബി പെരെറ്റെ അറിയിച്ചിരിക്കുന്നത്.
യൂഫോറിയയുടെ രണ്ടാമത്തെ സീസണ്‍ മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ മൂന്നാം സീസണ്‍ ചിത്രീകരിക്കാന്‍ നിരവധി പ്രതിസന്ധികള്‍ അണിയറ പ്രവര്‍ത്തകര്‍ നേരിട്ടു. അതിന് പ്രധാന കാരണമായത് 2023ലെ WGA, SAG-AFTRA സമരങ്ങളായിരുന്നു.
2025 ജനുവരിയിലാണ് സീരീസിന്റെ മൂന്നാം സീസണ്‍ ചിത്രീകരണം ആരംഭിക്കുന്നത്. ചിത്രീകരണം ആരംഭിക്കുമ്പോള്‍ സീരീസിലെ പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ഗസ് ക്ലൗഡ്, സ്റ്റോം റെയ്ഡ് എന്നിവര്‍ ഉണ്ടായിരിക്കുന്നതല്ല. 2023ലാണ് ആന്‍ഗസ് ക്ലൗഡ് അന്തരിച്ചത്.
അതേസമയം സ്‌റ്റോം റെയ്ഡ് സീരീസില്‍ ഇനി തുടരില്ലെന്ന് അറിയിക്കുകയായിരുന്നു. അതോടൊപ്പം കാറ്റ് ഹെര്‍നാന്‍ഡസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാര്‍ബി ഫെറെയ്‌റയും സീരീസില്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു വൈകാരിക സന്ദേശം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ബാര്‍ബി താന്‍ ഇനി സീരീസില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചത്. ഇത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.
ഈ പ്രതിസന്ധികളെല്ലാം നിലനില്‍ക്കെ സെന്‍ഡയ, ജേക്കബ് എലോര്‍ഡി, സിഡ്‌നി സ്വീനി, അലെക്‌സാ ഡെമി, ഹണ്ടര്‍ ഷാഫര്‍ എന്നിവര്‍ മൂന്നാമത്തെ സീസണില്‍ ഉണ്ടായിരിക്കുന്നതായിരിക്കും.