രണ്‍ബീര്‍ കപൂര്‍ അത് ചെയ്തതുകൊണ്ടാണ് എല്ലാവരും അനിമലിനെ വിമര്‍ശിച്ചത്; അനുരാഗ് കശ്യപ്

സിനിമയുടെ റിലീസിന് പിന്നാലെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകരടക്കം രംഗത്തുവന്നിരുന്നു
രണ്‍ബീര്‍ കപൂര്‍ അത് ചെയ്തതുകൊണ്ടാണ് എല്ലാവരും അനിമലിനെ വിമര്‍ശിച്ചത്; അനുരാഗ് കശ്യപ്
Published on

ഇന്ത്യന്‍ സിനിമാലോകത്ത് അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത അനിമല്‍. രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയുടെ ഉള്ളടക്കം തന്നെയായിരുന്നു ചര്‍ച്ചയായത്. വയലന്‍സിന്‍റെ അതിപ്രസരവും കടുത്ത സ്ത്രീവിരുദ്ധതയും ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിനിമക്കെതിരെ വലിയൊരു വിഭാഗം പ്രേക്ഷകര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, കളക്ഷനില്‍ സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രം കാഴ്ചവെച്ച മികച്ച പ്രകടനമായിരുന്നു അനിമലിന്‍റെത്. സിനിമയുടെ റിലീസിന് പിന്നാലെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗക്കെതിരെ ചലച്ചിത്ര പ്രവര്‍ത്തകരടക്കം മുന്നിട്ട് നിന്നപ്പോഴും അദ്ദേഹത്തെ പിന്തുണച്ച ചുരുക്കം സിനിമ പ്രവര്‍ത്തകരില്‍ ഒരാളാണ് അനുരാഗ് കശ്യപ്. സിനിമ ചര്‍ച്ചയായതോടെ 'തെറ്റിധരിക്കപ്പെട്ട സംവിധായകന്‍' എന്ന ക്യാപ്ഷനൊപ്പം കശ്യപ് സന്ദീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെക്കുറിച്ച് പ്രമുഖ യൂട്യൂബറായ ജാനിസ് സെക്വേറയ്ക്ക് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറയുകയുണ്ടായി.

സന്ദീപിനെ ശരിക്കും ഇഷ്ടമാണെന്നും കുറച്ച് വർഷങ്ങൾക്ക് മുമ്പ് താന്‍ സഞ്ചരിച്ചിരുന്ന അതേ തോണിയിലാണ് സന്ദീപ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. "പാഞ്ച്, ദേവ്ഡി തുടങ്ങിയ സിനിമകള്‍ ചെയ്തതിന്‍റെ പേരില്‍ ഞാനും ഇതുപോലെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ആളുകള്‍ക്ക് ഒരാളെ ബഹിഷ്കരിക്കാന്‍ എളുപ്പമാണ്, അവരെ അക്രമിക്കുന്നതിന് പകരം അവരോട് സംസാരിക്കുക, കുറ്റപ്പെടുത്തുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുക. അവന്‍ (സന്ദീപ് റെഡ്ഡി വംഗ) സത്യസന്ധനായ വ്യക്തിയാണ്"- അനുരാഗ് കശ്യപ് പറഞ്ഞു.

അനിമലില്‍ തനിക്ക് ഇഷ്ടപ്പെട്ട ചില കാര്യങ്ങളുണ്ടെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. "അനിമലിലെ ആക്ഷന്‍ രംഗങ്ങള്‍ തീര്‍ത്തും റിയലായിരുന്നു. രണ്‍ബീര്‍ കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചു, സംഗീതം മികച്ചതായിരുന്നു, ചില ഡീറ്റെയിലിങ്ങുകളും നന്നായിരുന്നു'. എന്നാല്‍ സിനിമയുടെ രണ്ടാം പകുതിയില്‍ പ്രശ്നമുണ്ടെന്ന വാദം അനുരാഗ് കശ്യപും അംഗീകരിച്ചു.

"പിടിവാശിക്കാരനായ ഒരു സംവിധായകന്‍ എതിര്‍പ്പുകള്‍ അവഗണിച്ച് മൂന്ന് മണിക്കൂറും 25 മിനിറ്റും ദൈര്‍ഘ്യമുള്ള ഒരു അഡള്‍ട്ട് സിനിമ ചെയ്തു എന്നതാണ് അനിമലില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. എല്ലാവരോടും പോരാടി സിനിമ തീയേറ്ററുകളിലെത്തിച്ചു. അത് എന്നെ തിരികെ ബോംബെ വെല്‍വറ്റ് നിര്‍മ്മിച്ച കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം ഉണ്ടായിരുന്ന ആ സിനിമ പൂര്‍ണതയോടെ റിലീസ് ചെയ്യാനുള്ള പോരാട്ടത്തില്‍ ഞാന്‍ പിന്നിലായി. എനിക്ക് അത് എഡിറ്റ് ചെയ്യേണ്ടി വന്നു. ഒരു സിനിമാക്കാരന്‍ ചില സമയങ്ങളില്‍ ശാഠ്യക്കാരനാകുന്നത് ഒരു മോശം കാര്യമല്ലെന്ന് ഞാന്‍ മനസിലാക്കി. സൂക്ഷിച്ചു നോക്കിയാല്‍ പല കാര്യങ്ങളും കാണാം. അതിനര്‍ത്ഥം അനിമലിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ അംഗീകരിക്കുകയോ പൊറുക്കുകയോ ചെയ്തു എന്നല്ല. എനിക്ക് പ്രശ്നങ്ങള്‍ തോന്നിയാല്‍ ഞാന്‍ അത് സിനിമ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യും"- അനുരാഗ് കശ്യപ് പറഞ്ഞു.

"ആ സിനിമയുടെ പേര് അനിമല്‍ എന്നല്ലേ മനുഷ്യന്‍ എന്നല്ലല്ലോ" അനുരാഗ് കശ്യപ് ചോദിച്ചു. രണ്‍ബീര്‍ കപൂറില്‍ നിന്ന് ഇത്തരമൊരു വേഷം ആരും പ്രതീക്ഷിച്ചിരുന്നില്ല. അതാണ് എല്ലാവരെയും ഞെട്ടിച്ചത്. പൊളിറ്റിക്കല്‍ കറക്ടനെസും മറ്റും നോക്കാതെ എല്ലാ തരത്തിലും പ്രശ്നക്കാരനായ ഒരു കഥാപാത്രത്തെ എല്ലാ ബോധ്യത്തോടെയും രണ്‍ബീര്‍ അവതരിപ്പിച്ചെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com