കാന്താരയില്‍ ഉണ്ടാകുമോ 'നമ്മുടെ ജയറാം'?

പരമാവധി ഉപയോഗിച്ചില്ലെങ്കിലും മലയാളത്തിന്റെ പ്രിയ നടനെ തമാശയാക്കാതെ വിട്ടുനല്‍കിയാല്‍ മതിയെന്നാണ് ആരാധകരുടെ അപേക്ഷ
'കാന്താര ചാപ്റ്റർ 1'ല്‍ ജയറാം
'കാന്താര ചാപ്റ്റർ 1'ല്‍ ജയറാംSource: News Malayalam 24x7
Published on

'ഉത്തമന്‍' സിനിമയില്‍ ഒരു രംഗമുണ്ട്. പൊലീസ് ആകാന്‍ അങ്ങാടിയില്‍ നിന്ന് ഒളിച്ചോടി അനാഥാലയത്തില്‍ ചേർന്ന കഥ ഉത്തമന്‍ വിവരിക്കുന്ന സീന്‍. ആ കഥ ഇങ്ങനെ പറഞ്ഞു പോകുമ്പോള്‍ അറിയാതെ ആരുടെയും കണ്ണില്‍ ഒരിറ്റ് കണ്ണുനീർ വന്നുപോകും. കാരണം അത് പറയുന്നത് ജയറാമാണ്. അയാള്‍ നമ്മളെ, കുഴലുപോലെ തയിപ്പിച്ച കോറത്തുണിയുമിട്ട്, മെലിഞ്ഞൊട്ടിയ ശരീരവുമായി അനാഥാലയത്തിലെ പപ്പായ മരത്തിന് ചുവട്ടില്‍ വെള്ളം തിളപ്പിച്ച് ഒഴിക്കുന്ന കുട്ടികളുടെ അടുത്തേക്ക് കൊണ്ടുപോയി, ഒരിക്കലല്ല പലവട്ടം.കന്നഡ ചിത്രം 'കാന്താര'യുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുവരുമ്പോള്‍ മലയാളികള്‍ തെരഞ്ഞത് തങ്ങളുടെ പ്രിയ താരം ജയറാമിനെയാണ്.

മലയാളത്തില്‍ ഇങ്ങനെ കൊട്ടിക്കേറി നില്‍ക്കുമ്പോഴാണ് മണിരത്നം ചിത്രം, 'ദളപതിയില്‍' അഭിനയിക്കാന്‍ ജയറാമിന് വിളി വരുന്നത്. പക്ഷേ മലയാളത്തിലെ തിരക്കിനിടയില്‍ ആ ഓഫർ ജയറാം നിരസിച്ചു. പക്ഷേ 'തെന്നാലി' തൊട്ട് ഇങ്ങോട്ട് പല കമല്‍ ഹാസന്‍ ചിത്രങ്ങളിലും മത്സരിച്ച് അഭിനയിച്ച് ജയറാം അന്യ ഭാഷാ സംവിധായകരെയും പ്രേക്ഷകരേയും ഒരുപോലെ കൊതിപ്പിച്ചു. വെങ്കട് പ്രഭുവിന്റെ 'സരോജ'യില്‍ വില്ലന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചു. അജിത്തിന്റെ 'ഈഗനി'ലേയും വിജയ്‌യുടെ 'തുപ്പാക്കി'യിലേയും വേഷങ്ങള്‍ എന്തിന് ഏറ്റെടുത്തു എന്ന് ജയറാം ആരാധകർ ചോദിച്ചുവെങ്കിലും പിന്നെ അവർ അതങ്ങ് മറന്നു. പിന്നീട് അങ്ങോട്ട് തമിഴിലും തെലുങ്കിലും പല തവണ ജയറാം പ്രത്യക്ഷപ്പെട്ടു. പക്ഷേ അതൊന്നും മലയാളി കാണികളെ തൃപ്തിപ്പെടുത്തിയില്ല. ഹാസ്യ വേഷങ്ങള്‍ ഒന്നും നമ്മെ ചിരിപ്പിച്ചില്ല. നല്ല എഴുത്തും നല്ല കഥാപാത്ര നിർമിതിയും ഉണ്ടായിരുന്നില്ല എന്നതാണ് അതിന്റെ കാരണം.

'പുതുക്കോട്ടയിലെ പുതുമണവാള'നില്‍, ഇല്ലാത്ത കഞ്ഞി കലത്തില്‍ നിന്ന് കോരിയെടുക്കുന്ന ആ ഒറ്റ രംഗം മതിയല്ലോ കോമഡി ഈ നടന് എത്രമാത്രം വഴങ്ങും എന്ന് മനസിലാക്കാന്‍. അത്തരത്തില്‍ ഒന്ന് എഴുതാന്‍ മറ്റ് ഭാഷകളില്‍ ആളില്ലാതായിപ്പോയി. മലയാളത്തിലും നല്ല സിനിമകള്‍ ജയറാമില്‍ നിന്ന് മാറിനിന്നു.

'കാന്താര ചാപ്റ്റർ 1'ല്‍ ജയറാം
കെ.ജി. ജോർജ്: മലയാളിയിലെ കാണിയെ വെല്ലുവിളിച്ച തന്റേടി

അല്ലു അർജുന്‍ ചിത്രം 'അല വൈകുണ്ഠപുരം' ശരിക്കും ജയറാമിന് ബ്രേക്ക് ആയിരുന്നു. ഒരു കുരുക്കും. അല്ലു ക്യാരക്ടറിലേക്ക് കയറിയ ചിത്രം ജയറാമിനെ 'കാശുകാരന്‍ അച്ഛന്‍' എന്ന സ്റ്റീരിയോടൈപ്പിന് പറ്റിയ ഭാഗ്യനടന്‍ എന്ന വിശ്വാസക്കുരുക്കിലാക്കി. അപ്പോഴാണ് വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മണിരത്നം ചിത്രത്തിലേക്ക് ജയറാമിന് അവസരം ലഭിക്കുന്നത്. 'പൊന്നിയിന്‍ ശെല്‍വനിലെ' ആള്‍വാർക്കടിയന്‍ നമ്പി എന്ന കഥാപാത്രം. അതിനു വേണ്ടി ജയറാം ശാരീരികമായി തയ്യാറെടുത്തു. ഭാരം കൂട്ടി. മണിയുടെ സ്വപ്നത്തിനൊപ്പം നടന്നു. ആ തയ്യാറെടുപ്പുകള്‍ സിനിമയില്‍ പ്രകടമായിരുന്നു. കാർത്തിയുടെ വന്തിയതേവന് ഒപ്പം സഞ്ചരിക്കുന്നു മുഴുവന്‍ വൈഷ്ണണവനും പാതി അഞ്ചാംപത്തിയുമായ നമ്പിയെ മറ്റൊരാള്‍ക്കും തൊടാന്‍ പോലും സാധിക്കാത്ത വിധം ജയറാം അനശ്വരമാക്കി. സിനിമ പ്രതീക്ഷിച്ച കളക്ഷനും പ്രശംസയും നേടിയില്ലെങ്കിലും ജയറാമിന് വളി വന്നുകൊണ്ടിരുന്നു. എല്ലാം 'അല വൈകുണ്ഠപുര'ത്തിലെ സിഇഒ അച്ഛന്റെ ഛായകളുള്ള വേഷങ്ങള്‍. വ്യത്യസ്തമായി ഒരെണ്ണം കിട്ടി. കാർത്തിക്ക് സുബ്ബരാജിന്റെ റെട്രോ. ആ പടവും കഥാപാത്രവും സമൂഹമാധ്യമങ്ങളില്‍ ജയറാം വലിയ വിമർശനങ്ങള്‍ നേരിടാന്‍ കാരണമായി. ഇത്തവണ ട്രോളുകളില്‍ ഒറ്റപ്പെട്ടില്ല എന്ന് മാത്രം.

'കാന്താര ചാപ്റ്റർ 1'ല്‍ ജയറാം
തിലകന്‍, അഭിനയത്തിന്റെയും പ്രതിരോധത്തിന്റെയും പാഠപുസ്തകം

'കാന്താര ചാപ്റ്റർ 1'ലെ ജയറാമിന്റെ കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പക്ഷേ വെറും ഒരു കാമിയോ അല്ലെന്നും കഥയുടെ ഒരു പ്രധാന ഭാഗമാണ് ഈ കഥാപാത്രം എന്നും വ്യക്തം. കാന്താരയുടെ ആദ്യ ഭാഗത്തില്‍ അച്യുത് കുമാർ അവതരിപ്പിച്ച ജന്മിക്ക് സമാനമായി നന്മയുടെ മുഖംമൂടി അണിഞ്ഞ ഒരു വില്ലനാകാം ജയറാം. അല്ലെങ്കില്‍ ക്രൂരനായ മകനെ തള്ളിക്കളയാന്‍ സാധിക്കാത്ത ധൃതരാഷ്ട്ര സമനായ ഒരു കഥാപാത്രം. പരമാവധി ഉപയോഗിച്ചില്ലെങ്കിലും മലയാളത്തിന്റെ പ്രിയ നടനെ തമാശയാക്കാതെ വിട്ടുനല്‍കിയാല്‍ മതിയെന്നാണ് ആരാധകരുടെ അപേക്ഷ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com