കൂലിയില്‍ രജനിക്കൊപ്പം ഫഹദും? ലോകേഷ് ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണോയെന്ന് ആരാധകര്‍

സ്വര്‍ണക്കടത്ത് പ്രമേയമായാണ് 'കൂലി' ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ് നടന്‍ സത്യരാജ് ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്
കൂലിയില്‍ രജനിക്കൊപ്പം ഫഹദും? ലോകേഷ് ചിത്രം എല്‍സിയുവിന്‍റെ ഭാഗമാണോയെന്ന് ആരാധകര്‍
Published on

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രജനികാന്തിന്‍റെ കരിയറിലെ 171-ാം ചിത്രത്തിലാണ് താരം ലോകേഷിനൊപ്പം കൈകോര്‍ക്കുന്നത്. കാര്‍ത്തി, കമല്‍ഹാസന്‍, വിജയ് എന്നിവര്‍ക്ക് പിന്നാലെ തെന്നിന്ത്യയിലെ മറ്റൊരു മുന്‍നിര നായകനൊപ്പം ലോകേഷ് പ്രവര്‍ത്തിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സ്വര്‍ണക്കടത്ത് പ്രമേയമായാണ് 'കൂലി' ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴ് നടന്‍ സത്യരാജ് ചിത്രത്തില്‍ രജനിയുടെ വില്ലനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്രുതി ഹാസന്‍ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നത് ഉറപ്പായി കഴിഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫഹദ് ഫാസില്‍ രജനികാന്തിനൊപ്പം കൂലിയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. കമല്‍ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമയില്‍ അമര്‍ എന്ന കഥാപാത്രത്തെ ഫഹദ് അവതരിപ്പിച്ചിരുന്നു. ഇതിന് പുറമെ ജയ്ഭീം ഫെയിം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'വേട്ടയ്യന്‍' എന്ന സിനിമില്‍ രജനിക്കൊപ്പം ഫഹദും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഫഹദിന്‍റെ സിനിമയിലെ സാന്നിധ്യം കൂലി എല്‍സിയു ഫ്രാഞ്ചൈസിയില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കുമോ എന്ന സംശയം ആരാധകരില്‍ ഉയര്‍ത്തി കഴിഞ്ഞു. വരും ദിവസങ്ങളില്‍ ചിത്രത്തിന്‍റെ കൂടുതല്‍ അപ്ഡേറ്റുകള്‍ പുറത്തുവിടുമെന്നാണ് സൂചന.

വിക്രമിന് ശേഷം ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ ലോകേഷിനൊപ്പം വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയും കൂലിയ്ക്ക് ഉണ്ട്. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തില്‍ അന്‍പ് അറിവാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുക. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്.

https://youtu.be/6xqNk5Sf5jo?si=2MkA2MQuyAGxlxMH

Related Stories

No stories found.
News Malayalam 24x7
newsmalayalam.com