
മോളിവുഡ് ടൈംസ് എന്ന ചിത്രത്തിന്റെ പൂജയ്ക്കായി ഫഹദ് ഫാസില്‍ എത്തിയപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ കയ്യിലുള്ള കീപാഡ് ഫോണ്‍ ആയിരുന്നു. ഫോണിന്റെ വിലയ്‌ക്കൊപ്പം തന്നെ സ്മാര്‍ട്ട്‌ഫോണ്‍ കാലത്ത് ഇന്‍സ്റ്റഗ്രാമും വാട്ട്‌സ്ആപ്പും ഇല്ലാത്ത കീപാഡ് ഫോണ്‍ ഉപയോഗിക്കുന്ന താരത്തിന്റെ സിംപ്ലിസിറ്റിയെ കുറിച്ചും ചര്‍ച്ചകള്‍ വന്നിരുന്നു. ഇപ്പോള്‍ ഫഹദ് തന്നെ താന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഒരു വര്‍ഷമായി ഉപയോഗിച്ചിട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
"കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല. ഞാന്‍ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രമേ എന്നെ ആര്‍ക്കെങ്കിലും ബന്ധപ്പെടാന്‍ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ് എന്റെ ലക്ഷ്യമെന്ന്. എനിക്ക് വാട്ട്‌സ്ആപ്പും ഇല്ല, എന്നാല്‍ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നല്ല ഞാന്‍ പറയുന്നത്. ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്. എന്നാല്‍ അതില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാന്‍ നോക്കുന്നത്", എന്നാണ് ഫഹദ് പറഞ്ഞത്. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും സമൂഹമാധ്യമത്തില്‍ പങ്കുവെക്കാതിരിക്കാനും പുറത്തുപോകാതിരിക്കാനും ശ്രദ്ധിക്കാറുണ്ടെന്നും ഫഹദ് വ്യക്തമാക്കി.
ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും മാറി നിന്നാല്‍ ജെന്‍സി തലമുറയ്ക്ക് അന്യനാകില്ലേ എന്ന ചോദ്യവും ഫഹദിനോട് ചോദിച്ചിരുന്നു. അതിന് താന്‍ മോശം സിനിമ ചെയ്തു തുടങ്ങുമ്പോള്‍ മാത്രമെ അത് സംഭവിക്കൂ എന്നും നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം അങ്ങനെ സംഭവിക്കില്ലെന്നും ഫഹദ് പറഞ്ഞു.
അതേസമയം തമിഴ് ചിത്രമായ മാരീശനാണ് ഫഹദിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കോമഡി ത്രില്ലറായ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മുതിര്‍ന്ന ഹാസ്യനടന്‍ വടിവേലുവും കേന്ദ്ര കഥാപാത്രമാണ്. ജൂലൈ 25ന് ചിത്രം റിലീസ് ചെയ്യും. ഓണം റിലീസായി മലയാള ചിത്രമായ ഓടും കുതിര ചാടും കുതിരയും എത്തും.