
രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ അടക്കമുള്ള വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന വേട്ടയ്യനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജയിലര്‍ തീര്‍ത്ത വമ്പന്‍ വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്ന രജനി ഇത്തവണ ജയ് ഭീം ഫെയിം ടി.ജെ ജ്ഞാനവേലിനൊപ്പമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്‍റെ സാന്നിധ്യമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. ഒക്ടോബര്‍ പത്തിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ ഫഹദിന്‍റെ ക്യാരക്ടര്‍ വീഡിയോ കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വിക്രമിലെ അമര്‍, മാമന്നിലെ രത്നവേല്‍ എന്നി കഥാപാത്രങ്ങള്‍ക്ക് ശേഷം തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഫഹദ് ഫാസില്‍ ആഘോഷിക്കപ്പെടാന്‍ പോകുന്ന കഥാപാത്രമായിരിക്കും വേട്ടയ്യനിലെ പാട്രിക് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
മഞ്ജു വാര്യരാണ് സിനിമയിലെ മറ്റൊരു മലയാളി സാന്നിധ്യം. രജനികാന്തിന്‍റെ ഭാര്യ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയ 'മനസിലായോ' ഗാനം ഇതിനോടകം ട്രെന്‍ഡിങ് ആയിട്ടുണ്ട്.
റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയന്‍, കിഷോര്‍ തുടങ്ങി നിരവധി താരങ്ങളാണ് വേട്ടയ്യനിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുബ്ബാസ്കരനാണ് വേട്ടയ്യന്‍ നിര്‍മിച്ചിരിക്കുന്നത്. അന്‍പറിവ് സംഘട്ടനവും എസ്ആര്‍ കതിര്‍ ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നു. ഫിലോമിന്‍ രാജാണ് എഡിറ്റിങ്. പട്ടണം റഷീദ്- ബാനു എന്നിവരാണ് മേക്കപ്പ് നിര്‍വഹിച്ചിരിക്കുന്നത്.