സാറയ്‌ക്കൊപ്പം ചുവടുവച്ച് ഫഹദ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' പ്രീ റിലീസ് ഇവന്റ് ചിത്രങ്ങൾ

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും
സാറയ്‌ക്കൊപ്പം ചുവടുവച്ച് ഫഹദ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' പ്രീ റിലീസ് ഇവന്റ് ചിത്രങ്ങൾ
Published on: 

ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ'. സെപ്റ്റംബർ 28ന് കൊച്ചി ലുലു മാളിൽ സിനിമയുടെ പ്രീ റിലീസ് ചടങ്ങ് നടന്നു. എസ്.എസ് രാജമൗലിയായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ചിത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതും രാജമൗലിയാണ്.

കേരളത്തെപ്പറ്റിയുള്ള തന്റെ പ്രിയ ഓർമകൾ എസ്. എസ്. രാജമൗലി പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രത്തിന്റെ ട്രെയ്‌ലറിന് പിന്തുണ നൽകിയ മോഹൻലാലിനോടും അദ്ദേഹം നന്ദി അറിയിച്ചു.

“എന്റേതായ ഒരു ചിത്രം എന്ന രീതിയിൽ മറ്റൊരു ഭാഷയിലേക്ക് എത്താൻ ഈ ചിത്രത്തിലൂടെ സാധിച്ചു. സിനിമയിൽ ഞാനെടുത്ത ഇടവേളകൾ കൂടി കണക്കിലെടുത്താൽ എന്റെ സിനിമാജീവിതത്തിനും 25 വർഷം പൂർത്തിയാകുകയാണ്. 66ലധികം ചിത്രങ്ങൾ, എന്നെ ചേർത്തുനിർത്തിയ ഓരോ പ്രേക്ഷകനും നന്ദി. ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമായാണ് ഓരോ മലയാളി പ്രേക്ഷകനിലേക്കും എത്തുന്നത്. ഈ സിനിമ കുടുംബസമേതം കണ്ട് വിജയിപ്പിക്കണം,” ചിത്രത്തിലെ നായകൻ ഫഹദ് ഫാസിൽ വേദിയിൽ പറഞ്ഞു.

“സിനിമയെ ഏറ്റവും നന്നായി സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രേക്ഷകരാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഫഹദ് ഫാസിലിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നിങ്ങൾ ഏറ്റെടുക്കുമെന്ന ഉറപ്പുണ്ട്,” ചിത്രത്തിന്റെ നിർമാതാവ് എസ്. എസ്. കാർത്തികേയ പറഞ്ഞു.

ചിത്രത്തിലെ ബാലതാരമായ സാറ തന്റെ കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടെ വേദിയിലും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

പ്രമുഖ തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കണ്ട അനുഭവം പങ്കുവച്ചു. കുട്ടികൾക്കൊപ്പം കുടുംബ സമേതം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഡോണ്ട് ട്രബിൾ ദ ട്രബിൾ’ കുട്ടികൾക്കും കുടുംബങ്ങൾക്കും തിയേറ്ററിൽ ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമായിരിക്കുമെന്നാണ് സംവിധായകൻ ഗിരീഷ് എ.ഡി അഭിപ്രായപ്പെട്ടത്. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, രാജമൗലി സാറിനെ തനിക്ക് ചെറിയ പേടിയാണെന്നും സെറ്റിൽ അദ്ദേഹം വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തോട് സംസാരിക്കാൻ ചെറിയൊരു പേടി തോന്നാറുണ്ടെന്നും ഗിരീഷ് പറഞ്ഞു.

‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമ
‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ സിനിമ

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

News Malayalam 24x7
newsmalayalam.com