
തമിഴ് ചിത്രം മാരീശന്റെ പ്രമോഷന്‍ സമയത്ത് തന്റെ റിട്ടയര്‍മെന്റ് പ്ലാനിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഫഹദ് ഫാസില്‍. പ്രേക്ഷകര്‍ക്ക് എന്റെ ആവശ്യം കഴിഞ്ഞാല്‍ പിന്നെ ബാഴ്‌സലോണയില്‍ ഒരു ഊബര്‍ ഡ്രൈവറായി ജീവിക്കാനാണ് ആഗ്രഹമെന്നാണ് ഫഹദ് പറഞ്ഞത്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
ഇപ്പോഴും ബാഴ്‌സലോണയില്‍ ഊബര്‍ ഡ്രൈവറായി ജീവിക്കാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. "ഞങ്ങള്‍ കുറച്ച് മാസം മുന്‍പ് ബാഴ്‌സലോണയില്‍ പോയിരുന്നു. അതുകൊണ്ട് തീര്‍ച്ചയായും എനിക്ക് താല്‍പര്യമുണ്ട്. പക്ഷെ പ്രേക്ഷകര്‍ക്ക് എന്റെ ആവശ്യം കഴിഞ്ഞാല്‍ മാത്രം. തമാശയ്ക്ക് അപ്പുറത്ത്, ആളുകളെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് ഡ്രൈവ് ചെയ്ത് കൊണ്ടു പോകാന്‍ എനിക്ക് ഇഷ്ടമാണ്. അത് വളരെ മനോഹരമായൊരു കാര്യമാണ്. എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ അത് ചെയ്യാറുണ്ട്. അത് എന്റെ സമയമാണ്. ഡ്രൈവിങ് മാത്രമല്ല, നമുക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുക എന്നതാണ്. അതിപ്പോള്‍ ഗെയിം ആണെങ്കിലും ടിവി കാണുന്നതാണെങ്കിലും. നിങ്ങള്‍ കാര്യങ്ങളെ നോക്കി കാണുന്ന രീതിയെ അത് സഹായിക്കുന്നു", എന്നാണ് ഫഹദ് പറഞ്ഞത്.
ഇന്ത്യന്‍ എക്‌സ്‌പ്രെസിന് 2020ല്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഫഹദ് ഈ ആഗ്രഹത്തെ കുറിച്ച് ആദ്യം സംസാരിച്ചത്. "ഒരു ഊബര്‍ ഡ്രൈവര്‍ ആവുക എന്നത് അല്ലാതെ മറ്റൊന്നും എനിക്കിപ്പോള്‍ ആഗ്രഹമില്ല. എനിക്ക് ആളുകളെ ഡ്രൈവ് ചെയ്ത് കൊണ്ടു പോകാന്‍ ഇഷ്ടമാണ്. ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അതാണ് എന്റെ റിട്ടയര്‍മെന്റ് പ്ലാന്‍ എന്ന്. ബാഴ്‌സലോണയിലേക്ക് പോയി ആളുകളെ ഡ്രൈവ് ചെയ്ത് കൊണ്ട് പോകാനാണ് എന്റെ ആഗ്രഹം. അവള്‍ക്കും ഈ പ്ലാന്‍ ഇഷ്ടമാണ്", എന്നായിരുന്നു ഫഹദ് പങ്കുവെച്ചത്.
അതേസമയം മാരീശന്‍ ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്തു. പ്രിവ്യൂ ഷോയ്ക്ക് തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നടന്‍ കമല്‍ ഹാസന്‍ ചിത്രത്തെ പ്രശംസിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. വടിവേലുവും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ റിലീസ് ചെയ്യാനിരിക്കുന്ന മലയാള ചിത്രം. ചിത്രം ഓണം റിലീസായ തിയേറ്ററിലെത്തും. അല്‍ത്താഫ് സലീമാണ് സംവിധാനം.