

ഇതിഹാസ താരം കമൽ ഹാസനുമായുള്ള ആത്മബന്ധത്തെപ്പറ്റി മനസുതുറന്ന് നടൻ ഫഹദ് ഫാസിൽ. മഹേഷ് നാരായണൻ ഒരുക്കിയ 'മാലിക്' സിനിമയുടെ ഷൂട്ടിങ് സമയത്ത് കമൽ ഹാസന്റെ ഉപദേശം തേടിയിരുന്നതായി നടൻ. പുതിയ തെലുങ്ക് ചിത്രം 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഫഹദ്.
"'ബെത്ലഹേം കുടുംബ യൂണിറ്റ്' തമിഴ് വേർഷന്റെ ലോഞ്ചിങ് സമയത്ത് കമൽ സാറിനെ ട്രെയ്‌ലര്‍ കാണാനായി ക്ഷണിച്ചിരുന്നു. ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചു. മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും കമല്‍ സാർ സംസാരിക്കും. 'മാലിക്' സിനിമയുടെ ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നു. എതുതരം റിഗ് ഉപയോഗിച്ചിട്ടും അത് ശരിയാവുന്നില്ല. അപ്പോഴാണ് 'നായകന്‍' സിനിമയിലെ പാട്ട് എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാകുക എന്ന് ആലോചിച്ചത്. ഞങ്ങൾ അദ്ദേഹത്തെ (കമൽ ഹാസൻ) വിളിച്ചു. ക്യാമറ എതിർദിശയിൽ വച്ച് ഷൂട്ട് ചെയ്യാൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തത്," ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലും കമൽ ഹാസനും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'വിക്രം' മെഗാ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നായിരുന്നു സിനിമയുടെ നിർമാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിങ് ഫിലോമിന്‍ രാജ്. സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ ഹിറ്റുകളായിരുന്നു. ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, ഫഹദ് നായകനായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ ഒക്ടബോർ രണ്ടിന് തിയേറ്ററുകളിലേക്ക് എത്തും. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത ചിത്രം എസ്. എസ്. രാജമൗലിയാണ് അവതരിപ്പിക്കുന്നത്. ബാലതാരം സാറയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും.