പണ്ടോറയിലെ 'കാമറൂണ്‍ മാജിക്കുകള്‍'; അവതാർ: ഫയർ ആന്‍ഡ് ആഷ് ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ
ജെയിംസ് കാമറൂണിന്റെ സൈഫൈ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അവതാർ: ഫയർ ആന്‍ഡ് ആഷി'ന്റെ പുത്തന്‍ ട്രെയ്‌ലർ പുറത്ത്. കാമറൂണ്‍ സൃഷ്ടിച്ച പണ്ടോറയില്‍ നാവികളും സളളി കുടുംബവും നേരിടുന്ന പുതിയ പ്രതിസന്ധികളിലേക്ക് സൂചന നല്‍കുന്നതാണ് ഇന്നലെ പുറത്തിറങ്ങിയ ട്രെയ്‌ലർ. ചിത്രം ഡിസംബർ 19നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
ജെയിംസ് കാമറൂൺ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് 'അവതാർ: ഫയർ ആന്‍ഡ് ആഷി'ന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ജെയ്ക്ക് സള്ളി (സാം വർത്തിംഗ്ടൺ) കുടുംബത്തിന്റെയും മറ്റൊരു സാഹസികയാത്രയാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുക. ആഷ് പീപ്പിള്‍ എന്നറിയപ്പെടുന്ന ഒരു നാവി ഗോത്രം പണ്ടോറയില്‍ ഉദയ ചെയ്യുന്നതോടെ ഉടലെടുക്ക സംഘർഷങ്ങളാണ് അവതാർ: ഫയർ ആന്‍ഡ് ആഷ് പറയുന്നത്.
2022ൽ പുറത്തിറങ്ങിയ 'അവതാർ: ദി വേ ഓഫ് വാട്ടറിന്' ശേഷമാണ് 'ഫയർ ആൻഡ് ആഷ്' വരുന്നത്. ലോകമെമ്പാടുമായി ഏകദേശം 2.3 ബില്യൺ ഡോളറാണ് ഈ ചിത്രം കളക്ട് ചെയ്തത്. മികച്ച ചിത്രത്തിന് ഉള്‍പ്പെടെ നാല് വിഭാഗങ്ങളില്‍ അവതാറിന്റെ രണ്ടാം ഭാഗത്തിന് അക്കാദമി നോമിനേഷനുണ്ടായിരുന്നു. ഇതില്‍ മികച്ച വിഷ്വല്‍ ഇഫക്ടുകള്‍ക്ക് ഓസ്കാറും നേടി. 2009ല്‍ ആണ് അവതാറിന്റെ ആദ്യഭാഗം പുറത്തുവന്നത്. എക്കാലത്തെയും ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചലച്ചിത്രമാണിത്. ലോകമെമ്പാടും 2.9 ബില്യൺ ഡോളറിലധികം കളക്ഷനാണ് ഈ ചിത്രം നേടിയത്.
സിഗോർണി വീവർ, സ്റ്റീഫൻ ലാങ്, ക്ലിഫ് കർട്ടിസ്, ജോയൽ ഡേവിഡ് മൂർ, സിസിഎച്ച് പൗണ്ടർ, എഡി ഫാൽക്കോ, ഡേവിഡ് തെവ്‌ലിസ്, ജെമൈൻ ക്ലെമന്റ്, ജിയോവന്നി റിബിസി, ബ്രിട്ടൻ ഡാൽട്ടൺ, ജാമി ഫ്ലാറ്റേഴ്‌സ്, ട്രിനിറ്റി ജോ-ലി ബ്ലിസ്, ജാക്ക് ചാമ്പ്യൻ, ബ്രെൻഡൻ കോവൽ, ബെയ്‌ലി ബാസ്, ഫിലിപ്പ് ഗെൽജോ, ഡുവാൻ ഇവാൻസ് ജൂനിയർ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് അവതാറിലെ മറ്റ് താരങ്ങള്‍.
'ഫയർ ആന്‍ഡ് ആഷ്' റിലീസിന് മുന്‍പ് ട്വന്റീന്‍ത്ത് സെഞ്ച്വറി സ്റ്റുഡിയോസ് ലോകമെമ്പാടും 'ദി വേ ഓഫ് വാട്ടർ' റിലീസിനെത്തിക്കും. ഓക്ടോബർ മൂന്നിന് ത്രിഡിയിലാകും ചിത്രം തിയേറ്ററിലെത്തുക. സിനിമയുടെ നാലും അഞ്ചും ഭാഗങ്ങള്‍ 2029 ഡിസംബര്‍ 21നും 2031 ഡിസംബര്‍ 19നും റിലീസ് ചെയ്യനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.