
മനോരഥങ്ങള്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ അപമാനിച്ചെന്ന സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ഫെഫ്ക. രമേശ് നാരായണ്‍ പക്വതയില്ലാതെ പെരുമാറിയെന്നും, വിഷയത്തില്‍ ആസിഫ് അലിയെ ചേര്‍ത്ത് പിടിക്കുന്നുവെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഘടനയുടെ ഭാഗത്ത് നിന്ന് ആസിഫിനെയും രമേശിനെയും ബന്ധപ്പെട്ടിരുന്നു. വിഷയത്തെ ആസിഫ് അലി കാര്യമായി എടുത്തിട്ടില്ലെന്നും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് ആസിഫ് സംഭവത്തില്‍ പെരുമാറിയതെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
'പുരസ്‌കാരത്തോടും അത് തരുന്ന ആളോടും വിനയത്തോടെ ഒരു കലാകാരന്‍ പെരുമാറണം. അതേസമയം രമേശ് നാരായണന്‍ പൊതുസമൂഹത്തോട് നടത്തിയ ക്ഷമാപണത്തിന്റെ മഹനീയതയും ഔചിത്യവും മനസ്സിലാക്കുന്നു,' ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനം കടുത്തതോടെ ക്ഷമാപണവുമായി രമേശ് നാരായണന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.
'ആസിഫ് അലിയെ ഞാന്‍ അപമാനിച്ചിട്ടില്ല. നിങ്ങള്‍ക്ക് അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. ആസിഫ് അലിയാണ് മൊമെന്‍റോ തരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അനൗണ്‍സ്മെന്റ് ഞാന്‍ കേട്ടില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. പക്ഷേ വേദിയില്‍ എല്ലാവരെയും ക്ഷണിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. അതൊരു വിഷമമുണ്ടാക്കി.
എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ്. ഞാന്‍ ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റുപറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. എനിക്ക് മാപ്പ് ചോദിക്കാന്‍ യാതൊരു മടിയുമില്ല. വസ്തുത ഇതായിരിക്കെ കാര്യങ്ങള്‍ മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്. ഒരു മനുഷ്യനെയും അപമാനിക്കാന്‍ എനിക്ക് പറ്റില്ല,' എന്നായിരുന്നു രമേശ് നാരായണന്റെ വിശദീകരണം.
എം.ടി വാസുദേവന്‍ നായരുടെ 9 കഥകളുടെ ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളില്‍ ജയരാജ് സംവിധാനം ചെയ്ത 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയത് രമേശ് നാരായണ്‍ ആയിരുന്നു. എം.ടിയുടെ മകള്‍ അശ്വതി സംവിധാനം ചെയ്ത 'വില്പന' എന്ന സിനിമയില്‍ ആസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
അണിയറ പ്രവര്‍ത്തരെ ആദരിക്കുന്ന ചടങ്ങില്‍ മൊമെന്‍റോ നല്‍കുമ്പോള്‍ രമേഷ് നാരായണനെ വേദിയിലേക്ക് അവതാരക ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് അല്‍പ്പസമയത്തിനകം ക്ഷമാപണത്തോടെ മൊമെന്‍റോ നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചെങ്കിലും രമേശ് നാരായണ്‍ തന്‍റെ നീരസം പ്രകടമാക്കി. തുടര്‍ന്ന് ആസിഫ് അലിയില്‍ നിന്ന് മൊമെന്‍റോ വാങ്ങിയെങ്കിലും ഹസ്തദാനം നല്‍കുകയോ മുഖത്ത് നോക്കുകയോ ചെയ്തില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി രമേശ് നാരായണ്‍ വീണ്ടും മൊമെന്‍റോ ഏറ്റുവാങ്ങുകയായിരുന്നു. സംഭവത്തില്‍ ആസിഫിനെ പിന്തുണച്ച് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും രംഗത്തെത്തിയിരുന്നു.