
നടന്‍ ഉണ്ണി മുകുന്ദനും പി.ആര്‍. മാനേജറായിരുന്ന വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഇന്നലെയാണ് ഫെഫ്ക അറിയിച്ചത്. രണ്ട് പേരെയും ഒരുമിച്ചിരുത്തി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയിലെ ധാരണകള്‍ക്ക് വിരുദ്ധമായി വിപിന്‍ പ്രവര്‍ത്തിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് ഫെഫ്ക. ഒരു ദൃശ്യ മാധ്യമത്തിന് ചര്‍ച്ചയെ കുറിച്ച് വിപിന്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ നല്‍കിയെന്നും ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന വിപിന്റെ അവകാശവാദം ശരിയല്ലെന്നുമാണ് ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയില്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
"ഇന്നലെ അമ്മയുടെ ഓഫീസില്‍ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വത്തില്‍ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ക്ക് വിപരിതമായി വിപിന്‍ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഇന്ന് നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ല. വിപിന്‍ ധാരണാലംഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തിരുമാനിച്ചിരിക്കുന്നു", എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
വിപിന്‍ കുമാറിനെ താന്‍ മര്‍ദിച്ചെന്ന ആരോപണം ഉണ്ണി മുകുന്ദന്‍ പൂര്‍ണമായും തള്ളിയിരുന്നു. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കഥ മാത്രമാണിതെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിപിനെ മര്‍ദിച്ചുവെന്ന് തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി പറഞ്ഞു. വിഷയത്തില്‍ മാധ്യമ ശ്രദ്ധ കിട്ടാനായി ടൊവിനോയുടെ പേര് വലിച്ചിഴച്ചതാണെന്നും ഒരാള്‍ പോലും വിഷയത്തിന്റെ രണ്ട് വശങ്ങളും പരിശോധിച്ചില്ലെന്നും നടന്‍ ആരോപിച്ചു.
ടൊവിനോ തോമസിന്റെ 'നരിവേട്ട' എന്ന ചിത്രത്തെ പ്രശംസിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതെന്നായിരുന്നു വിപിന്‍ കുമാറിന്റെ പരാതി. അതേസമയം, ടൊവിനോയെ കുറിച്ച് താന്‍ അങ്ങനെയൊന്നും പറയില്ലെന്നും, തന്റെ നല്ല സുഹൃത്താണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
അതേസമയം ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് നടനെതിരെ കേസെടുത്തത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിനായിരുന്നു മര്‍ദനം എന്നാണ് വിപിന്റെ മൊഴി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 115(2), 126(2), 296(യ), 351(2), 324(4), 324(5) വകുപ്പുകള്‍ പ്രകാരമാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്.