

'എനിക്ക് ചന്ദ്രചേച്ചിയെ കാണണം' എന്നു പറഞ്ഞ് കരയുന്ന കുഞ്ഞ് ആരാധകൻ വീരുവിൻ്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒടുവിൽ ഇപ്പോൾ വീരുവിനെ നേരിട്ട് വീഡിയോ കോളിൽ വിളിച്ചിരിക്കുകയാണ് വീരുവിൻ്റെ പ്രിയപ്പെട്ട ചന്ദ്രചേച്ചി. തൻ്റെ കുഞ്ഞ് ആരാധകനെ വിളിച്ച് 'ചന്ദ്രചേച്ചി' വിശേഷങ്ങൾ തിരക്കുന്നതും ആശ്വസിപ്പിക്കുന്നതുമായി വീഡിയോ വീരുവിൻ്റെ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർഥിയായ ആദ്യവീർ എന്ന വീരു ലോക കണ്ടപ്പോൾ മുതൽ ചന്ദ്രചേച്ചിയുടെ കടുത്ത ആരാധകനാണ്. പടം രണ്ടു തവണ തീയറ്ററിൽ പോയി കാണുകയും ചെയ്തു. പിന്നീട് ചന്ദ്രചേച്ചിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞ് കരച്ചിലായി. അങ്ങനെ ഒരു ദിവസം എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചന്ദ്രചേച്ചിയെ കാണണം എന്നു പറഞ്ഞ് വീരു കരയുന്ന വീഡിയോ അച്ഛനായ സുബീഷ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒടുവിൽ ഈ വീഡിയോ കണ്ട കല്യാണി പ്രിയദർശൻ വീരുവിനെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു.
എന്തായാലും ചന്ദ്രചേച്ചിയെ കണ്ടതിൻ്റെ സന്തോഷത്തിലാണ് കുഞ്ഞുവീരു. ഇനി എന്നാണ് നേരിട്ട് കാണാനെത്തുക എന്ന ചോദ്യത്തിന് ഗുരുവായൂരിൽ വരുമ്പോ നേരിട്ട് കാണാം എന്നും ചന്ദ്രചേച്ചി ഉറപ്പു നൽകിയിട്ടുണ്ട്. അതുവരെ കരയാൻ പാടില്ലെന്നും വീരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട് കല്യാണി പ്രിയദർശൻ. ഇതിൻ്റെ വീഡിയോയും വീരുവിൻ്റെ അച്ഛനായ സുബീഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.