
സിനിമാ കാഴ്ചക്കാരെ പോലെ വെബ് സീരീസുകള്‍ക്കും ഇന്ത്യയില്‍ കാഴ്ചക്കാര്‍ ഏറെയാണ്. 2024-ന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ കണ്ട സീരീസുകളുടെയും സിനിമകളുടെയും കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. 28.2 മില്യണ്‍ കാഴ്ചക്കാരുമായി ആമസോണ്‍ പ്രൈം റിലീസ് ചെയ്ത പഞ്ചായത്ത് മൂന്നാം സീസണാണ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഹിന്ദി സീരീസ്.
20.3 മില്യൺ പ്രേക്ഷകരുമായി നെറ്റ്ഫ്ലിക്സിന്‍റെ ഹീരാമണ്ഡിയും 19.5 മില്യൺ കാഴ്ചക്കാരുമായി പ്രൈം വീഡിയോയുടെ ഇന്ത്യൻ പൊലീസ് ഫോഴ്സുമാണ് തൊട്ടുപിന്നിലുള്ളത്. ദി ലെജൻഡ് ഓഫ് ഹനുമാൻ (14.8 മില്യൺ), ഷോടൈം (12.5 മില്യൺ), കർമ്മ കോളിംഗ് (9.1 മില്യൺ), ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് (8 മില്യൺ) ലൂട്ടർ (8 മില്യൺ) എന്നിവ ഉൾപ്പെടുന്ന അഞ്ച് എൻട്രികളോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹിന്ദി ഭാഷാ വെബ് ഷോകളുടെ പട്ടികയിൽ ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാര്‍ ഒന്നാം സ്ഥാനത്ത് എത്തി.
ജിയോസിനിമയിലെ ബിഗ് ബോസ് ഒടിടിയുടെ മൂന്നാം സീസൺ 17.8 മില്യൺ വ്യൂവർഷിപ്പോടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അണ്‍സ്ക്രിപ്റ്റഡ് ഹിന്ദി ഷോ ആയി മാറി. നെറ്റ്ഫ്ലിക്സിലെ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയും (14.5 മില്യണ്‍) ഷാർക്ക് ടാങ്ക് ഇന്ത്യയുടെ സീസൺ മൂന്നുമാണ് (12.5 മില്യണ്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2024 ജനുവരി മുതൽ ജൂൺ വരെ റിലീസ് ചെയ്ത വെബ് ഷോകളെയും സിനിമകളെയും അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള അന്താരാഷ്ട്ര ഷോകളില്‍ ആമസോണ്‍ പ്രൈം സ്ട്രീം ചെയ്ത ബോയ്സ് നാലാം സീസണ്‍ ആണ് മുന്നില്‍.10.5 മില്യണാണ് വ്യൂവര്‍ഷിപ്പ്. എച്ച്ബിഒയുടെ ഹൗസ് ഓഫ് ദ ഡ്രാഗണ്‍ ആണ് രണ്ടാമത്. ജിയോ സിനിമയിലൂടെയാണ് എച്ച്ബിഒ സീരീസ് സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്‍റെ അവതാര്‍: ദ ലാസ്റ്റ് എയര്‍ ബെന്‍റര്‍ ആണ് തൊട്ടുപിന്നിലുള്ളത്.
ഡയറക്ട് ഒടിടി റിലീസായ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമകളുടെ പട്ടികയില്‍ നെറ്റ്ഫ്ലിക്സിന്‍റെ അമർ സിംഗ് ചംകില (12.9 മില്യണ്‍ ) ഒന്നാമതെത്തിയപ്പോൾ 12.2 മില്യണ്‍ വ്യൂവർഷിപ്പുള്ള മർഡർ മുബാറക്ക് രണ്ടാമതായി. മഹാരാജ്, ഭക്ഷക് എന്നിവ മൂന്നും നാലും സ്ഥാനത്തെത്തി.