
കൊച്ചി: താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അമ്മ ചരിത്രത്തില്‍ ആദ്യമായി സംഘടനയുടെ തലപ്പത്തേക്ക് സ്ത്രകള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി നേരത്തെ തന്നെ എതിരാളികള്‍ ഇല്ലാതെ അന്‍സിബ ഹസന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മി പ്രിയയും ജയന്‍ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനത്തേക്ക് മാത്രമാണ് ഇത്തവ ഒരു പുരുഷന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നടന്‍ ഉണ്ണി ശിവപാലാണ് ട്രഷററായി വിജയിച്ചത്. സരയു, ആശ അരവിന്ദ്, അഞ്ജലി നായര്‍, നീന കുറുപ്പ്, കൈലാഷ്, ടിനി ടോം, വിനു മോഹന്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, സിജോയ് വര്‍ഗീസ്, ഡോ. റോണി ഡേവിഡ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍.
ദേവനാണ് ശ്വേത മേനോനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കു പരമേശ്വരനൊപ്പം നടന്‍ രവീന്ദ്രന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ലക്ഷ്മി പ്രിയക്കൊപ്പം ജയന്‍ ചേര്‍ത്തല, നാസര്‍ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കിയ ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. പിന്നാലെ അഡ്‌ഹോക് കമ്മിറ്റിയാണ് അമ്മയെ നയിച്ചത്. അഡ്‌ഹോക് കമ്മിറ്റി ഭരണത്തിലേറി ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് നടന്നത്.