ചരിത്രത്തിലാദ്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി ഇക്കുറി മത്സരിക്കുന്നത് 160 സിനിമകള്‍

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി പ്രസാദ് തിയേറ്ററിലുമായി ശനിയാഴ്ച സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു.
ചരിത്രത്തിലാദ്യം; സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി ഇക്കുറി മത്സരിക്കുന്നത് 160 സിനിമകള്‍
Published on

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായി ഇത്തവണ കടുത്ത മത്സരം. ചരിത്രത്തിലാദ്യമായി ഇത്തവണ 160 സിനിമകളാണ് ജൂറിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. രണ്ട് പ്രാഥമിക ഉപസമിതികള്‍ 80 സിനിമകള്‍ വീതം കണ്ട് വിലയിരുത്തി മികച്ചതെന്ന് തെരഞ്ഞെടുക്കുന്ന 30 ശതമാനം സിനിമകള്‍ അന്തിമ ജൂറിക്ക് മുന്നിലെത്തും. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എല്‍.വി പ്രസാദ് തീയേറ്ററിലുമായി ശനിയാഴ്ച സിനിമകളുടെ സ്ക്രീനിങ് ആരംഭിച്ചു. ഓഗസ്റ്റ് പകുതിയോടെ അന്തിമ ജൂറിയുടെ വിലയിരുത്തല്‍ പൂര്‍ണമായേക്കും.

പ്രമുഖ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് അന്തിമ ജൂറിയുടെ ചെയര്‍മാന്‍. സംവിധായകന്‍ പ്രിയനന്ദനന്‍, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ഉപസമിതികളുടെ ചെയര്‍മാന്‍മാര്‍. ഇവര്‍ മുഖ്യജൂറിയിലും അംഗങ്ങളാണ്.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരാണ് മുഖ്യ ജൂറിയിലെ മറ്റ് അംഗങ്ങൾ. ഒന്നാം ഉപസമിതിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി. നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ. മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ. മാനുവൽ, ഡോ. ഒ.കെ. സന്തോഷ് (അംഗങ്ങൾ) എന്നിവർ ഉൾപ്പെടുന്നു. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെമ്പർ സെക്രട്ടറിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com