മലയാളത്തിൻ്റെ മഹാനടി; ഭാവാഭിനയത്തിൻ്റെ 'ലളിത'ഭാവം

ജീവിച്ചിരുന്ന 74 വര്‍ഷത്തില്‍ അറുപത്തിനാല് വര്‍ഷവും ലളിത ചേച്ചി നമുക്കൊപ്പമുണ്ടായിരുന്നു, തിരശീലയിലായിരുന്നു ആ സാന്നിധ്യമെന്ന് ഒരിക്കലും തോന്നിപ്പിക്കാത്തവിധം നമ്മളിലൊരാളായി...
കെപിഎസി ലളിത
കെപിഎസി ലളിത Source: Files
Published on
Updated on

ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് പാട്ടിനും നാടകത്തിനും പുറകെ പോയ പെണ്‍കുട്ടി, അവള്‍ വളര്‍ന്ന് വലുതായി വലിയൊരു നടിയായി, മലയാള സിനിമയുടെ പ്രിയപ്പെട്ട മുഖമായി. മഹേശ്വരി, ആദ്യ കാലത്ത് കെപിഎസിയില്‍ ഗായികയായിരുന്നു. പിന്നീട് നടിയായി വളര്‍ന്നു, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം അങ്ങനെ കെപിഎസിയുടെ പ്രധാനപ്പെട്ട നാടകങ്ങളിലെല്ലാം ഭാഗമായി. തോപ്പില്‍ ഭാസിയുടെ കൈ പിടിച്ച് നാടകത്തില്‍ നിന്നും ആ പെണ്‍കുട്ടി സിനിമയിലെത്തി, തോപ്പില്‍ ഭാസി അവള്‍ക്ക് പുതിയൊരു പേരും നല്‍കി, കെപിഎസി ലളിത.

1970ല്‍ ഉദയയുടെ ബാനറില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന സിനിമയില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ കെപിഎസി ലളിതയ്ക്ക് പ്രായം 23 ആയിരിക്കണം. പത്താം വയസില്‍ അരങ്ങിലെത്തിയ ആ പെണ്‍കുട്ടിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴിലും അറിയില്ല, അറിയാവുന്ന ജോലി ഭംഗിയായി ചെയ്ത് മരണം വരെ അവര്‍ വിസ്മയിപ്പിച്ചു. മലയാളത്തിലും തമിഴിലുമായി 600ലേറെ സിനിമകളിലെങ്കിലും അഭിനയിച്ചിട്ടുണ്ട്. ഇതിനിടയില്‍ രണ്ട് വട്ടം മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും നാല് വട്ടം സംസ്ഥാന പുരസ്‌കാരവും നേടി.

ശരിക്കും കെപിഎസി ലളിതയെ നമ്മള്‍ നടിയായിട്ടാണോ കണ്ടത്. കവിയൂര്‍ പൊന്നമ്മയോടുള്ള അമ്മ സ്നേഹമല്ല, മലയാളിക്ക് കെപിഎസി ലളിതയോടുള്ളത്, ലളിത ചേച്ചി എന്നാണ് എല്ലാവരും വിളിക്കാറ്. സ്വന്തം വീട്ടിലെ കുശുമ്പിയായ അമ്മായിയായും മകളായും മരുമകളായും ഭാര്യയായും അമ്മായിയമ്മയായുമൊക്കെ നമുക്കിടയില്‍ ജീവിക്കുകയായിരുന്നു അവര്‍.

നാച്ചുറല്‍ ആക്ടിങ്ങിനെ പറ്റി നമ്മളൊക്കെ പറഞ്ഞു തുടങ്ങിയത് ഈ അടുത്ത കാലം തൊട്ടല്ലേ, അതിനും എത്രയോ മുമ്പ് അതെന്താണെന്ന് കാണിച്ചുതന്ന നടിയാണ് കെപിഎസി ലളിത. ഒരു അഭിനേതാവിന് ശരീരം മാത്രമല്ല ടൂള്‍ എന്ന് മതിലുകളിലെ ശബ്ദം കൊണ്ട് അവര്‍ തെളിയിച്ചു തന്നില്ലേ. ശബ്ദം കൊണ്ടും ചിരികൊണ്ടും നോട്ടം കൊണ്ടുമൊക്കെ വിസ്മയിപ്പിച്ച ആ നടിയെ എന്ത് പേരിട്ടാണ് വിശേഷിപ്പിക്കുക.

ചിലര്‍ അവരുടെ അസാന്നിധ്യം കൊണ്ട് അവര്‍ ആരായിരുന്നുവെന്ന് പറയാതെ പറയും, ജീവിച്ചിരുന്ന 74 വര്‍ഷത്തില്‍ അറുപത്തിനാല് വര്‍ഷവും ലളിത ചേച്ചി നമുക്കൊപ്പമുണ്ടായിരുന്നു, തിരശീലയിലായിരുന്നു ആ സാന്നിധ്യമെന്ന് ഒരിക്കലും തോന്നിപ്പിക്കാത്തവിധം നമ്മളിലൊരാളായി. ഏത് കാലം കാണാന്‍ തുടങ്ങിയതാണ് മലയാളികള്‍ കെപിഎസി ലളിതയെ, എത്ര തലമുറകള്‍.

മണിച്ചിത്രത്താഴിലെ ഭാസുരയെ എങ്ങനെ മറക്കും, തേന്മാവിന്‍ കൊമ്പത്തെ കാത്തു ചേച്ചിയേയോ. വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവി, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ്, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, പൊന്മുട്ടയിടുന്ന താറാവില്‍ കെപിഎസി ലളിതയുടെ കഥാപാത്രത്തിൻ്റെ പേര് ഭാഗ്യരതിയെന്നായിരുന്നു.

ലോഹിതദാസിന്റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് കനല്‍ക്കാറ്റ്. അതില്‍ നത്തു നാരായണനായ മമ്മൂട്ടി കല്യാണം കഴിക്കുന്ന സ്ത്രീയാണ് കെപിഎസി ലളിതയുടെ ഓമന. അധികം സ്‌ക്രീന്‍ സ്പേസ് ഇല്ലാഞ്ഞിട്ടും ആ സിനിമയെ കുറിച്ച് പറയുമ്പോള്‍ അവരെ കുറിച്ച് ഓര്‍ക്കുന്നത് ആ കഥാപാത്രത്തെ അവരെങ്ങനെ അവതരിപ്പിച്ചു എന്നതു കൊണ്ടാണ്.

കെപിഎസി ലളിത
യാര് വില്ലൻ! 'അപൂർവരാഗ'ത്തിൽ തുടങ്ങിയ രജനി-കമൽ ബ്രോമാൻസ്

ഭീഷ്മ പര്‍വത്തിലാണ് കെപിഎസി ലളിതയെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്. പകയും പ്രതികാരവും മനുഷ്യരൂപം പൂണ്ട് നിന്ന കഥാപാത്രം. അസ്വസ്ഥതയോടെയല്ലാതെ ആ കഥാപാത്രത്തെ കണ്ടു തീര്‍ക്കാനാകില്ല. സൗമ്യയായി ചിരിച്ചു സംസാരിക്കുന്ന കെപിഎസി ലളിതയെ ആ കഥാപാത്രത്തിൻ്റെ പരിസരത്തു പോലും കാണാനാകില്ല. അങ്ങനെ കയ്യിലെത്തിപ്പെട്ട ഓരോ വേഷങ്ങളും തനിയാവര്‍ത്തനങ്ങളില്ലാതെ അവതരിപ്പിച്ച് ഭാവാഭിനയത്തിന്റെ ഉയരങ്ങള്‍ കാട്ടി അവര്‍ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

ജീവിതത്തില്‍ രണ്ട് തവണയാണ് കെപിഎസി ലളിത അഭിനയം അവസാനിപ്പിച്ച് പോയത്, രണ്ടിനും കാരണം ഒരാളായിരുന്നു, ഭരതനുമായുള്ള വിവാഹശേഷം കുടുംബത്തിന് ശ്രദ്ധ കൊടുക്കാന്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നു. അന്ന് ആ നടിയെ നിര്‍ബന്ധിച്ച് വീണ്ടും അഭിനയിപ്പിക്കുന്നത് ഭരതന്‍ തന്നെയാണെന്ന് കേട്ടിട്ടുണ്ട്.

ഭരതൻ്റെ വിയോഗ ശേഷമായിരുന്നു രണ്ടാമത്തെ പിന്മാറ്റം. ജീവിതത്തിലെ താങ്ങ് പോയെന്ന് തോന്നിയപ്പോള്‍ കാലിടറിപ്പോയ സാധാരണ സ്ത്രീ. മക്കളുടെ നിര്‍ബന്ധത്തിലാണ് വീണ്ടും അഭിനയിക്കാന്‍ പോയതെന്ന് പിന്നീടൊരിക്കല്‍ കെപിഎസി ലളിത തന്നെ പറഞ്ഞിട്ടുണ്ട്, ആ നിര്‍ബന്ധത്തില്‍ നമുക്ക് കിട്ടിയ സിനിമയാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍.

സിനിമ ഭാഗ്യത്തിൻ്റെ ട്രപ്പീസ് കളിയാണ്. അവിടെ അനവധി നിരവധി കഥാപാത്രങ്ങളായി ജീവിക്കാന്‍ അവസരം ലഭിച്ച ഭാഗ്യവതിയും അനുഗ്രഹീതയുമായ കലാകാരിയാണ് കെപിഎസി ലളിത. ഭരതൻ്റെ പല ക്ലാസിക് സിനിമകളിലും ലളിതയ്ക്ക് മികച്ച വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിൻ്റെ സിനിമകളില്‍ ഭാര്യ വന്ന് അഭിനയിച്ചു പോകുകയായിരുന്നില്ല, ജീനിയസ് ആയ സംവിധായകന്‍ അയാളുടെ കഥാപാത്രങ്ങളെ ആ നടിയെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന ഭംഗിയുള്ള അലൈന്‍മെന്റായിരുന്നു അത്. ഭരതൻ്റെ അമരത്തിലൂടെയാണ് കെപിഎസി ലളിതയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. കാറ്റത്തെ കിളിക്കൂട്, ചിലമ്പ്, ഭരതം, അമരം, വെങ്കലം... അങ്ങനെ ഭരതന്‍ സിനിമകളിലെ ലളിതയെ ഓര്‍ത്തെടുക്കാന്‍ തന്നെ രസമാണ്.

മരണം വരെ അഭിനയിക്കണം എന്ന് മാത്രം ആഗ്രഹിച്ച കലാകാരിക്ക്, അവര്‍ വിശ്വസിച്ചതു പോലെ ദൈവമോ, അല്ലെങ്കില്‍ കലയെ മാത്രം ഉപാസിച്ച കലാകാരിക്ക് കാലം തിരിച്ചു നല്‍കിയതോ, എങ്ങനെ പറഞ്ഞാലും അത് മലയാളത്തിൻ്റെ ഭാഗ്യമായിരുന്നു.

ഞാന്‍ മരിച്ചു പോയാല്‍ എന്നെ ഓര്‍ക്കുമോ എന്ന് മതിലുകളില്‍ നാരായണി ചോദിക്കുന്നുണ്ട്,

അതിന് നായകന്‍ പറയുന്ന ഉത്തരം, പ്രിയപ്പെട്ട നാരായണീ, നാരായണിയുടെ അടയാളം ഈ ഭൂഗോളത്തില്‍ എങ്ങുമുണ്ട്...

അതേ, പ്രിയപ്പെട്ട ലളിത ചേച്ചീ... നിങ്ങളുടെ അടയാളം മലയാള സിനിമയില്‍ എന്നുമുണ്ട്, ഉണ്ടാകും, അത്രമാത്രം...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com