'നന്ദനം' മുതല്‍ 'ഖലീഫ' വരെ; പൃഥ്വിരാജിന്റെ സിനിമായാത്ര

40 വയസിനുശേഷം തന്റെ സിനിമാ ജീവിതം എങ്ങനെയാകണം എന്ന ധാരണ പണ്ടേക്ക് പണ്ടേ പൃഥ്വിരാജിനുണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിനാണ് സൈബര്‍ ഇടങ്ങള്‍ അഹങ്കാരം എന്ന് പേരിട്ടത്
പൃഥ്വിരാജ് സുകുമാരൻ
പൃഥ്വിരാജ് സുകുമാരൻ
Published on

രാവണപ്രഭു എന്ന മാസ് ആക്ഷന്‍ മൂവിക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഭാരം നന്ദനം എന്ന കൊച്ചു സിനിമയ്ക്ക് മേലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ നായകന്‍ ആരെന്നത് വലിയ ചര്‍ച്ചയും ആയി. എന്നാല്‍, നായിക പ്രാധാന്യമുള്ള ഒരു സിനിമയെടുക്കാനാണ് രഞ്ജിത്ത് തീരുമാനിച്ചത്. നായിക, നവ്യാ നായര്‍. അന്നത്തെ കൊമേഷ്യല്‍ സിനിമാ ചിട്ടവട്ടങ്ങള്‍ പ്രകാരം അപ്പോഴും ഒരു നായകന്‍ വേണമല്ലോ? നന്ദനത്തിലും ഒരു നായകനുണ്ട്, പേര് പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും ഇളയ മകന്‍, പൃഥ്വിരാജ് സുകുമാരന്‍. 'നെപ്പോ കിഡ്' എന്ന വിളി അന്ന് മലയാളിക്ക് അത്രകണ്ട് പരിചയമില്ല. അതുകൊണ്ട് 'താരപുത്രന്‍' എന്ന ഓമനപ്പേരിട്ട് പൃഥ്വിരാജ് എന്ന പേര് മലയാളി ഓര്‍ത്തുവച്ചു. ഓന്നോ രണ്ടോ സിനിമകള്‍ക്ക് ശേഷം മറക്കേണ്ട ആളും പേരും എന്ന് മാത്രമാകും അന്ന് പലരും വിചാരിച്ചിട്ടുണ്ടാകുക. എന്നാല്‍, സിനിമാ ജ്യോതിഷികളുടെ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി നീണ്ട 23 വര്‍ഷം കൊണ്ട് അയാള്‍ തനിക്കായി ഒരിടം മലയാളം സിനിമയില്‍, അല്ല ഇന്ത്യന്‍ സിനിമയില്‍ നേടിയെടുത്തു.

നന്ദനം ആയിരുന്നു ആദ്യം അഭിനയിച്ച ചിത്രമെങ്കിലും ആദ്യം റിലീസ് ആയത് നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലന്‍സ് എന്നീ ചിത്രങ്ങളാണ്. എന്നാല്‍, നന്ദനം ആണ് പൃഥ്വിരാജ് എന്ന നടന്റെ വരവ് ശരിക്കും അറിയിച്ചത്. ഏറെക്കാലത്തിനു ശേഷം അമ്മമ്മയെ കാണാന്‍ എത്തുന്ന മനു, അവിടുത്തെ ജോലിക്കാരി ബാലാമണിയുമായി പ്രണയത്തിലാകുന്നു. ഇതാണ് നന്ദനം. 'അനുരാഗവിലോചനനായി പടിമേലെ നില്‍ക്കുന്ന' പഴയ 'കൊച്ചുമുതലാളി' തന്നെ. പക്ഷേ ഈ കഥയിലേക്ക് ഗുരുവായൂരപ്പന്‍ എത്തിയതോടെ കഥമാറി, സിനിമ കയ്യടി വാങ്ങി. ഒപ്പം പൃഥ്വിരാജ് എന്ന 20 വയസുകാരനും.

പൃഥ്വിരാജ് സുകുമാരൻ
"സ്വർണം കൊണ്ട് പ്രതികാരം തീർക്കാന്‍ ആമിർ അലി വരുന്നു"; 'ഖലീഫ' ഗ്ലിമ്പ്സ് പുറത്ത്

ആറടി ഉയരവും ഗൗരവമുള്ള ശബ്ദവും പ്രായത്തില്‍ കവിഞ്ഞ പക്വത തോന്നിക്കുന്ന രൂപവുമുള്ള പൃഥ്വിരാജിനെ തേടി സിനിമകള്‍ നിരവധി വന്നു. പലതും ആംഗ്രി യങ് മാന്‍ റോളുകള്‍. ശരീരത്തെയും ശബ്ദത്തെയും എങ്ങനെ മെരുക്കിയെടുക്കണം എന്ന് അറിയാതെ പകച്ചുനില്‍ക്കുന്ന ഒരു നടനെയാണ് ഈ കാലത്ത് നമ്മള്‍ കണ്ടത്. ആൽഫാ മെയില്‍ നായക വേഷങ്ങളുടെ ചട്ടകൂടിലേക്ക് ഒതുങ്ങുകയായിരുന്നു പൃഥ്വിരാജിന് എളുപ്പം. അവിടെ നിന്നാണ് ആ നടന്‍ സ്വപ്നക്കൂടും, അകലെയും, അനന്തഭദ്രവും, ദൈവനാമത്തിലും തെരഞ്ഞെുക്കുന്നത്. സിംഗിള്‍ ഹീറോ സിനിമകളില്‍ മാത്രമല്ല അഭിനയ സാധ്യത എന്ന് മനസിലാക്കുന്നതും ഈക്കാലത്താണ്.

2006ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് എന്ന ലാല്‍ ജോസ് ചിത്രം കൊമേഷ്യലി പൃഥ്വിരാജിന് പേരും പ്രശസ്തിയും നല്‍കിയപ്പോള്‍ അതേ വര്‍ഷം ഇറങ്ങിയ വാസ്തവം നടന് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന്റെ പകിട്ടും നല്‍കി. കേരള സ്റ്റേറ്റ് അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടന്‍ എന്ന മോഹന്‍ലാലിന്റെ റെക്കോര്‍ഡ് കൂടിയാണ് അവിടെ ഈ 24കാരന് മുന്നില്‍ വഴിമാറിയത്. പിന്നീട് അങ്ങോട്ട് നിരവധി പരീക്ഷണങ്ങളുടെ വര്‍ഷങ്ങളായിരുന്നു. നക്‌സല്‍ നേതാവായി എത്തിയ തലപ്പാവ്, പുണ്യം അഹം, തിരക്കഥ, ഉറുമി, മാണിക്ക്യക്കല്ല്, അയാളും ഞാനും തമ്മില്‍ എന്നീ സിനിമകള്‍ നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് പാകപ്പെടുന്നു എന്നതിന്റെ സൂചനകളായിരുന്നു.

2013 പൃഥ്വിരാജിന്റെ വര്‍ഷമായിരുന്നു എന്ന് പറയാം. മലയാളത്തിലെ ആദ്യത്തെ നിശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിര്‍മാതാവും സംവിധായകനുമായ ജെ.സി. ഡാനിയേല്‍ ആയി കമലിന്റെ സെല്ലുലോയിഡില്‍ എത്തി നടന്‍ കാണികളേയും വിമര്‍ശകരേയും ഒരുപോലെ ഞെട്ടിച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഒരിക്കല്‍ കൂടി സ്വന്തമാക്കി. മുംബൈ പൊലീസില്‍ ആന്റണി മോസസ് എന്ന ക്യാരക്ടറായി എത്തി ചില നായക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. സിനിമയിലെ ചില പ്രതിനിധാനങ്ങള്‍ വിമര്‍ശിക്കപ്പെട്ടപ്പോഴും പൃഥ്വിരാജിന്റെ സ്‌ക്രിപ്റ്റ് സെലക്ഷനെ കാണികള്‍ കയ്യടികളോടെ സ്വീകരിച്ചു. മെമ്മറീസും കൂടെയും നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിന് പുതിയ മുഖങ്ങള്‍ നല്‍കി. ടമാര്‍ പടാറും ഡബിള്‍ ബാരലും തെരഞ്ഞെടുത്ത ആ നടന് പല വലിയ സ്വപ്നങ്ങളുമുണ്ടായിരുന്നു. ആ സ്വപ്നങ്ങളിലേക്കാണ് സച്ചി എന്ന സംവിധായകന്റെ കടന്നുവരവ്.

2007ല്‍ സച്ചിയും സേതുവും ചേര്‍ന്ന് എഴുതിയ ആദ്യ ചിത്രം, ചോക്ലേറ്റില്‍ നായകന്‍ പൃഥ്വിരാജ് ആയിരുന്നു. രണ്ട് ചിത്രങ്ങള്‍ മാത്രമാണ് സച്ചി സംവിധാനം ചെയ്തത്. അനാര്‍ക്കലിയും അയ്യപ്പനും കോശിയും. രണ്ട് ചിത്രങ്ങളിലും പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തി. മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മനോഹരമായ കൊമേഷ്യല്‍ സിനിമയായിരുന്നു അയ്യപ്പനും കോശിയും. മുന്‍പ് പലതവണ കണ്ടിട്ടുള്ള താന്തോന്നിയായ പൃഥ്വിരാജ് കഥാപാത്രത്തെ അടക്കത്തോടെ സച്ചി സ്‌ക്രീനിലെത്തിച്ചു. സച്ചി മടങ്ങിയപ്പോള്‍ മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ കൂടിയാണ് പൃഥ്വിരാജ് എന്ന നടന് നഷ്ടമായത്.

നിരവധി പരിധികളും പരിമിതികളുമുള്ള നടനാണ് പൃഥ്വിരാജ്. 2024ല്‍ അയാള്‍ അവയില്‍ ഒട്ടുമുക്കാലും മറികടക്കുന്നതിന് കാണികള്‍ സാക്ഷിയായി. നജീബ് എന്ന ആടുജീവിതത്തിലെ കഥാപാത്രത്തിനായി പൃഥ്വിരാജ് എടുത്ത സമയവും അധ്വാനവും മുന്‍പേ നടന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും മാതൃകയാണ്. ഒരു നല്ല ചിത്രത്തിനായി ഒരു നടന്‍ എത്ര വര്‍ഷം വേണമെങ്കിലും നീക്കിവയ്ക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞുവച്ചു. അ സിനിമയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ബ്ലസി എന്ന സംവിധായകന്റെ സ്വപ്നത്തിനൊപ്പം നില്‍ക്കാനുള്ള തീരുമാനത്തിന് കൂടി ലഭിച്ച അംഗീകാരമാണ്.

പൃഥ്വിരാജ് സുകുമാരൻ
ടിജെഎസ്; മലയാളിയുടെ ഒറ്റയാൻ, മകന്റെ എൽസ്‌വെയറിയൻ

40 വയസിനുശേഷം തന്റെ സിനിമാ ജീവിതം എങ്ങനെയാകണം എന്ന ധാരണ പണ്ടേക്ക് പണ്ടേ പൃഥ്വിരാജിനുണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിനാണ് സൈബര്‍ ഇടങ്ങള്‍ അഹങ്കാരം എന്ന് പേരിട്ടത്. എന്നാല്‍, അയാള്‍ അതൊന്നും വകവച്ചില്ല. പൃഥ്വിരാജിന് ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടായിരുന്നു. ആത്മവിശ്വാസം ആണ് അയാളുടെ കൈമുതല്‍. അതേ ആത്മവിശ്വാസമാണ് സിനിമയുടെ സമസ്ത മേഖലകളിലേക്കും കടക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നതും.

ഇന്ന്, മലയാളത്തിന്റെ അതിര്‍ത്തിക്കപ്പുറം വളര്‍ന്ന നടനും സംവിധായകനും നിര്‍മാതാവും വിതരണക്കാരനുമാണ് പൃഥ്വിരാജ്. അയാള്‍ കേരള ബോക്‌സ്ഓഫീസിലേക്ക് പല ഭാഷകളിലെ സിനിമകള്‍ അവതരിപ്പിച്ചു. പാന്‍ ഇന്ത്യന്‍ സിനിമകളുടെ ഭാഗമായി. മോഹന്‍ലാലിനെ നായകനാക്കി മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ലൂസിഫറിലൂടെയും എമ്പുരാനിലൂടെയും കേവലം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ മറികടക്കുക മാത്രമായിരുന്നില്ല പൃഥ്വിരാജ്. ഒരു കാലത്ത് ലെന്‍സിങ്ങിനെപ്പറ്റി പറഞ്ഞപ്പോള്‍ എന്നാ നീ പോയി സിനിമ എടുത്ത് കാണിക്ക് എന്ന് പരിഹസിച്ചവര്‍ക്ക് മറുപടി കൊടുക്കുക കൂടിയായിരുന്നു. മലയാളത്തിന്റെ അംബാസിഡര്‍ എന്ന് മറ്റു സംസ്ഥാനങ്ങളിലെ സിനിമാക്കാര്‍ അയാളെ വിളിക്കുമ്പോഴും ഇവിടെ പരിഹാസത്തിന് കുറവൊന്നുമുണ്ടായില്ല. പക്ഷേ, എപ്പോഴൊക്കെയോ പൃഥ്വിരാജ് എന്ന പേരിനൊപ്പം ഈ വിര്‍ച്വല്‍ വിമര്‍ശകരും അഭിമാനിച്ചിട്ടുണ്ടെന്നതാണ് സത്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com