
മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ സിനിമയെ കുറിച്ചും ഡൊമിനിക് എന്ന കഥാപാത്രത്തെ കുറിച്ചും തുറന്ന് സംസാരിച്ചു. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ വെച്ച് ഇനിയും സിനിമകള്‍ ചെയ്യാമെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.
'ഈ സിനിമയിലേക്ക് വരുമ്പോള്‍ എന്റെ ഒരു കണ്‍സപ്റ്റ് എന്താണെന്ന് വെച്ചാല്‍, ഡൊമിനിക് എന്ന കഥാപാത്രത്തെ വെച്ച് ഇനിയും ഒരുപാട് സിനിമകള്‍ ചെയ്യാമെന്നതാണ്. അതിനെ സീക്വല്‍ എന്നൊന്നും ഞാന്‍ വിളിക്കില്ല. മറിച്ച് ആ കഥാപാത്രത്തെ ഇനിയും മറ്റ് ഇന്‍വെസ്റ്റിഗേഷന്‍ കഥകളില്‍ കൊണ്ടുവരാന്‍ സാധിക്കും. ഞാന്‍ ഇത് മമ്മൂട്ടി സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ച് തള്ളി. ഈ സിനിമ എന്താകുമെന്ന് ആദ്യം നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ആ സിനിമ വിജയമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ എനിക്ക് മൂന്നോ നാലോ ഡൊമിനിക് സിനിമകള്‍ ഉണ്ടാക്കാമായിരുന്നു', എന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.
'നമുക്ക് ചുറ്റും കാണുന്ന തരത്തിലുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ഡൊമിനിക്. അയാളോട് ഒരു കാര്യം അന്വേഷിക്കാന്‍ പറഞ്ഞാല്‍ അതെങ്ങനെയായിരിക്കും ചെയ്യുക? അതൊരു സംസാരങ്ങളുടെ സീരീസാണ്. അദ്ദേഹം ആളുകളോട് സംസാരിക്കും എന്ത് സംഭവിച്ചുവെന്ന് കണ്ടെത്തും അങ്ങനെയാണ് അയാള്‍ അന്വേഷണത്തിലേക്ക് വരുന്നത്. ആ മൊത്തം സംഭവത്തിന് ഒരു വലിയ അവസാനം കാത്തിരിക്കുന്നുണ്ട്', എന്നും ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തതിനെ കുറിച്ചും ഗൗതം മേനോന്‍ പറഞ്ഞു. 'അദ്ദേഹത്തെ പോലൊരാള്‍ക്കൊപ്പം സിനിമ ചെയ്തത് ഞാന്‍ ആസ്വദിച്ചു. അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍ക്കാന്‍ ഞാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു. ഞാന്‍ മറ്റൊരു ഷോട്ടിലേക്ക് പോവുകയാണെങ്കില്‍ അതെന്തിനാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു. അത് മികച്ചൊരു പ്രൊസസ് തന്നെയായിരുന്നു. സത്യം പറഞ്ഞാല്‍ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ സിനിമ സെറ്റില്‍ പ്രവര്‍ത്തിക്കുന്നത് ആസ്വദിച്ചു', ഗൗതം മേനോന്‍ കൂട്ടിച്ചേര്‍ത്തു.