ആവശ്യമുള്ളപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് ആരും പിന്തുണച്ചില്ല: ഗൗതം വാസുദേവ് മേനോന്‍

മദാന്‍ ഗൗരിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സിനിമ മേഖലയില്‍ നിന്ന് തനിക്ക് ആവശ്യമുള്ളപ്പോള്‍ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി
ആവശ്യമുള്ളപ്പോള്‍ സിനിമ മേഖലയില്‍ നിന്ന് ആരും പിന്തുണച്ചില്ല: ഗൗതം വാസുദേവ് മേനോന്‍
Published on

സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ വിക്രം നായകനായ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ പരിശ്രമവും പരാജയപ്പെടുകയായിരുന്നു. അടുത്തിടെ മദാന്‍ ഗൗരിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സിനിമ മേഖലയില്‍ നിന്ന് തനിക്ക് ആവശ്യമുള്ളപ്പോള്‍ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി.

അഭിമുഖത്തിനിടെ സിനിമ മേഖലയില്‍ നിന്നും ഗൗതം വാസുദേവ് മേനോനെ സഹായിച്ചിട്ടുള്ളവരെ കുറിച്ച് ചോദ്യം ചോദിക്കുകയായിരുന്നു. എന്നാല്‍ അതിന് ഗൗതം മേനോന്‍ നിരാശ കലര്‍ന്ന സ്വരത്തിലാണ് മറുപടി നല്‍കിയത്. 'എനിക്ക് അങ്ങനെ ആരും തന്നെയില്ല. അതാണ് സത്യം. ഞാന്‍ ഒരു പ്രസ്താവന നടത്തുകയല്ല. പക്ഷെ ധ്രുവനച്ചത്തിരം റിലീസ് നടക്കാതിരുന്നപ്പോള്‍ ആരും എന്നെ വിളിക്കുകയോ എന്തുകൊണ്ട് റിലീസ് ചെയ്യുന്നില്ലെന്ന് ചോദിക്കുകയോ ചെയ്തില്ല. ആര്‍ക്കും എന്താണ് യഥാര്‍ത്ഥത്തില്‍ പ്രശ്‌നം എന്ന് പോലും അറിയില്ല', എന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്.

'ഒരു സിനിമ നല്ല രീതിയില്‍ വിജയിച്ചാല്‍ ആര്‍ക്കും അതില്‍ സന്തോഷം ഉണ്ടാകില്ല. ഞാന്‍ ഇതുപറയുമ്പോള്‍ മോശമായി തോന്നാം. പക്ഷെ അതാണ് സത്യം. ആര്‍ക്കും ഇതൊന്നും ഒരു വിഷയമല്ല. ധനു സര്‍, ലിങ്കസ്വാമി തുടങ്ങിയ ചുരുക്കം ചില പേരാണ് സിനിമ കണ്ടിട്ടുള്ളത്. കുറച്ച് സ്റ്റുഡിയോകളിലും ഞാന്‍ സിനിമ കാണിച്ചിട്ടുണ്ട്', എന്നും ഗൗതം കൂട്ടിച്ചേര്‍ത്തു.

2017 മുതല്‍ റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനായ ധ്രുവനച്ചത്തിരം. റിതു വര്‍മ്മ, ആര്‍ പാര്‍ത്ഥിപന്‍, രാധിക ശരത്ത് കുമാര്‍, വിനായകന്‍, സിമ്രാന്‍ എന്നിവരും ചിത്രത്തിലുണ്ട്. 2013ല്‍ സൂര്യയെ നായകനാക്കിയാണ് ചിത്രം ആദ്യം ആരംഭിച്ചത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം നിര്‍മാണം നീണ്ടുപോയി. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഗൗതം വാസുദേവ് മേനോന്‍ നിരവധി തവണ സിനിമ റിലീസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com