

കൊച്ചി: റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന സിനിമയെ ചുറ്റിപ്പറ്റി അടുത്തിടെ നിരവധി കിംവതന്തികള്‍ പരന്നിരുന്നു. ഗീതുവും യഷും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സിനിമയുടെ ഷൂട്ടിങ് പ്രതിസന്ധിയിലായി എന്ന തരത്തിലാണ് ഓണ്‍ലൈനില്‍ പ്രചരിച്ച വാർത്തകള്‍. എന്നാല്‍, ഇപ്പോഴിതാ സിനിമ നേരത്തെ പ്രഖ്യാപിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
സിനിമയെ പ്രതി നിരവധി വാർത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായി ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് നിർമ്മാതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, നിർമാതാക്കളുടെ പ്രതികരണം തരണ്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സിനിമ ഷെഡ്യൂള്‍ പ്രകാരം മുന്നോട്ട് പോകുകയാണെന്നാണ് തരുണ്‍ പറയുന്നത്. യാഷ് മുംബൈയിൽ രാമായണം എന്ന സിനിമയില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ സമാന്തരമായ ഏപ്രിലില്‍ 'ടോക്സിക്കി'ന്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ ആരംഭിച്ചു. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ ബാംഗ്ലൂരിൽ പുരോഗമിക്കുകയാണ്. 2026 ജനുവരിയിൽ പൂർണ തോതിലുള്ള പ്രമോഷനുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അണിയറപ്രവർത്തകർ അറിയിച്ചതായി തരണ്‍ പറയുന്നു.
2019ല്‍ പുറത്തിറങ്ങിയ 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടോക്സിക്'. നിരൂപക പ്രശംസ നേടിയപ്പോഴും സാമ്പത്തികമായി നേട്ടമുണ്ടാക്കാന്‍ സാധിക്കാതെപോയ ചിത്രമായിരുന്നു 'മൂത്തോന്‍'. 'കെജിഎഫി'ലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി ഉയര്‍ന്ന കന്നഡ താരം യാഷിന്റെ അടുത്ത ചിത്രം ഗീതുവിനൊപ്പമാണെന്നത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന യാഷ് ചിത്രത്തിന്റെ സംവിധായികയായി ഗീതു എത്തിയപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് സംവിധായികയുടെ ശൈലിയില്‍ യാഷ് അതൃപ്തനാണെന്ന തരത്തിലുള്ള വാർത്തകള്‍ പ്രചരിച്ചത്.
2025 ജനുവരി 8നാണ് അണിയറ പ്രവര്‍ത്തകര്‍ 'ടോക്സിക്കി'ന്റെ ടീസര്‍ പുറത്തുവിട്ടത്. യാഷിനെ കൂടാതെ കിയാര അദ്വാനി, താര സുതാര്യ, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നാണ് സൂചന. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിന്റെയും ബാനറില്‍ വെങ്കട്ട് കെ. നാരായണയും യാഷും ചേര്‍ന്നാണ് സിനിമയുടെ നിർമാണം.