'ആ പ്രതിഭാസം മരിച്ചെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ല'; ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ മനു മഞ്ജിത്ത്

"ഗിരീഷ് പുത്തഞ്ചേരി എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള ധൈര്യം തോന്നിയത് ആര്‍ക്കാണെന്നറിയില്ല"
'ആ പ്രതിഭാസം മരിച്ചെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ല'; ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ മനു മഞ്ജിത്ത്
Published on

മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കി രാവണപ്രഭു റീ റിലീസ് എത്തിയത് കഴിഞ്ഞ ദിവസമാണ്. തിയേറ്ററില്‍ ഓളം തീര്‍ത്ത് പ്രദര്‍ശനം തുടരുന്നതിനിടയില്‍ ഇറങ്ങിയ പുതിയ പോസ്റ്റര്‍ അല്‍പം കല്ലുകടിയായി. സിനിമ പോലെ തന്നെ അതിലെ ഗാനങ്ങളും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. പുതിയ പോസ്റ്ററില്‍ പക്ഷെ, ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയുടെ പേരുണ്ടായിരുന്നില്ല.

ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവായ മനു മഞ്ജിത്ത്. ചില ഓര്‍മക്കുറവുളുടെ പേര് മറവി എന്നല്ല. നന്ദികേട് എന്നാണ് എന്നായിരുന്നു മനു മഞ്ജിത്തിന്റെ വിമര്‍ശനം. രാവണപ്രഭുവിലെ ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രതിഭാസമാണ് ഗിരീഷ് പുത്തഞ്ചേരി. അദ്ദേഹം മരിച്ചു പോയെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ലെന്നും മനു മഞ്ജിത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'ആ പ്രതിഭാസം മരിച്ചെന്നേ ഉള്ളൂ, മറഞ്ഞു പോയിട്ടില്ല'; ഗിരീഷ് പുത്തഞ്ചേരിയുടെ പേര് ഒഴിവാക്കിയതിനെതിരെ മനു മഞ്ജിത്ത്
കാർത്തികേയന്‍ വീണ്ടും അവതരിച്ചിട്ടും തോമയുടെ തട്ട് താണുതന്നെ; റീ റിലീസ് കളക്ഷനില്‍ മുന്നില്‍ സ്ഫടികം

മനു മഞ്ജിത്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

പുതിയ 4K പതിപ്പിന്റെ പോസ്റ്ററിലേക്ക് പഴയ പേരുകള്‍ പകര്‍ത്തി എഴുതുമ്പോള്‍ അതില്‍ 'ഗിരീഷ് പുത്തഞ്ചേരി' എന്നൊരു പേര് ഒഴിവാക്കിക്കളയാനുള്ള 'ധൈര്യം' തോന്നിയത് ആര്‍ക്കാണെന്നറിയില്ല.

ഇപ്പോഴും തിയേറ്ററില്‍ കേള്‍ക്കുന്ന ആ കടലിരമ്പം ഉറഞ്ഞാടുമ്പോള്‍ ഉരുവിടുന്നത് 'കരിമേഘക്കെട്ടഴിഞ്ഞൊരാകാശക്കാവിലിന്ന്....', 'മഴക്കാറ് മായം കാട്ടും രാവാണേ' എന്നും...

ഉള്ളു വിങ്ങുന്നത് 'തുടിയായ് ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും ഒരു രുദ്രതാളമായ് ചേര്‍ന്നിരുന്നു..' എന്നും...

'വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍ വാനിലുയരു'മ്പോള്‍ അതിനൊത്ത് പ്രണയിച്ചുമാണ്.

അതൊക്കെ സമ്മാനിച്ച പ്രതിഭാസം മരിച്ചു പോയെന്നേ ഉള്ളൂ. മറഞ്ഞു പോയിട്ടില്ല. പോവില്ല.

ചില ഓര്‍മ്മക്കുറവുകള്‍ക്ക് പേര് 'മറവി' എന്നല്ല.

'നന്ദികേട്' എന്നാണ്....

അതേസമയം, റീ റിലീസ് ചിത്രങ്ങളുടെ ആഗോള കളക്ഷനില്‍ 'രാവണപ്രഭു' പുതിയ ബെഞ്ച്മാര്‍ക്ക് തീര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 4K അറ്റ്മോസിലാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച 'രാവണപ്രഭു' മാറ്റിനി നൗ ആണ് പുത്തന്‍ രൂപഭാവത്തില്‍ കാണികളിലേക്ക് എത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com