
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെ സിനിമാ സംഘടനകള്‍ പണിമുടക്കിലേക്ക്. ഒരു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവെച്ചും തിയേറ്ററുകള്‍ അടച്ചിട്ടും വിതരണം നിര്‍ത്തിയും സമരം നടത്താനാണ് തീരുമാനം. സൂചന പണിമുടക്കിന് ശേഷവും തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ നീക്കം.
ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഒരുമിച്ച് സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച സിനിമാ സമരം മാര്‍ച്ച് 17ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വേണ്ടെന്നുവച്ചിരുന്നു. 45 ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പിന്മേലായിരുന്നു അത്. എന്നാല്‍ 70 ദിവസം കഴിഞ്ഞിട്ടും ഒരു മറുപടിയും ഉണ്ടായില്ല. ഇതോടെയാണ് സൂചന പണിമുടക്ക് നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചത്.
വിഷയത്തില്‍ ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടും സംസാരിച്ചു. "സര്‍ക്കാര്‍ നമ്മളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ ഇപ്പോള്‍ നിറവേറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ട്. അതുകൊണ്ട് ജൂണില്‍ തന്നെ സൂചന പണിമുടക്ക് നടത്തിക്കൊണ്ട് സമരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജൂണില്‍ ഞങ്ങള്‍ സൂചന പണിമുടക്ക് നടത്തും. തിയേറ്റര്‍ അസോസിയേഷന്‍ എല്ലാം തയ്യാറാണ്. ആ ദിവസം കേരളത്തിലെ തിയേറ്ററുകള്‍ അവര്‍ അടച്ചിടും. പിന്നെ ഷൂട്ടിംഗ് നിര്‍ത്തി വെക്കും", എന്നാണ് സജി നന്ത്യാട്ട് പറഞ്ഞത്.
"സര്‍ക്കാരിന് 35 കോടി രൂപ തുടരും പോലുള്ള സിനിമകളില്‍ നിന്നും നികുതിയായി തന്നെ കിട്ടിയിട്ടുണ്ട്. അപ്പോള്‍ ഈ വ്യവസായം നിന്ന് പോകാതെ നോക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനും ഉണ്ട്. പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും കൂടിയാണ്. അതുകൊണ്ട് ഞങ്ങള്‍ കത്ത് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് പരിഗണിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരുമാനങ്ങള്‍ അറിയിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ സമരം നടത്താനാണ് നിലവിലെ തീരുമാനം. അതിനുശേഷം അനിശ്ചിതകാല സമരത്തെ പറ്റി ആലോചിക്കും. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് ഉടന്‍തന്നെ സമരത്തിന്റെ തീയതി തീരുമാനിക്കുന്നതായിരിക്കും.