
യഷ് രാജ് ഫിലിംസിന്റെ 'മഹാരാജ്' എന്ന ഹിന്ദി സിനിമ ഒ.ടി.ടി. പ്ളാറ്റ്ഫോമായ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. വൈഷ്ണവവിഭാഗക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന പരാതി ജസ്റ്റിസ് സംഗീത വിഷേന്‍ തള്ളി.
നടന്‍ ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്റെ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് മഹാരാജ്. സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന പരാതിയെത്തുടര്‍ന്ന് പ്രദര്‍ശനം ജൂണ്‍ 12-ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നിര്‍മാതാക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജഡ്ജി സിനിമ കാണുകയായിരുന്നു. തുടര്‍ന്ന് ഒരു മതവികാരത്തെയും വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്ന് കോടതി വ്യക്തമാക്കി.
1862ലെ ലൈബല്‍ കേസ് ഫയല്‍ ചെയ്യുന്നതിലേക്ക് നയിച്ച സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മഹാരാജ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒരു സമൂഹത്തിന്റെയും വികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഈ കോടതിക്ക് മനസിലായിരിക്കുന്നു, എന്നാണ് കോടതി പറഞ്ഞത്. സിനിമ കണ്ടപ്പോള്‍ ഹര്‍ജിക്കാരുടെയോ ഒരു വിഭാഗത്തിന്റെയോ മതവികാരങ്ങളെ വ്രണപ്പെടുത്ത തരത്തില്‍ ഉള്ള ഒന്നും കോടതി കണ്ടെത്തിയിട്ടില്ല. പ്രതിഭാഗം വാതിച്ചത് പോലെ ചിത്രത്തിന്റെ സന്ദേശം സാമൂഹിക തിന്മയെയും പോരാട്ടങ്ങളെയും കുറിച്ചാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം മഹാരാജില്‍ ജയ്ദീപ് അഹ്ലാവത്തും ജുനൈദ് ഖാനൊപ്പം പ്രധാന വേഷത്തിലെത്തുന്നു. ബ്രിട്ടീഷ് ഭരണ കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ കര്‍സന്‍ദാസ് മുല്‍ജിയുടെ ജീവിതമാണ് മഹാരാജ് പറയുന്നത്.