
പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന വേഷത്തിലെത്തിയ കോമഡി എന്‍റര്‍ടൈനര്‍ ചിത്രം ഗുരുവായൂരമ്പലനടയില്‍ ഒടിടിയിലേക്ക്. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം തീയേറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. റിലീസ് ചെയ്ത് ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് സിനിമ ഒടിടിയിലേക്കെത്തുന്നത്. ജൂണ്‍ 27 മുതല്‍ ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ഗുരുവായൂരമ്പലനടയില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രം 90 കോടിയിലധികം ഇതുവരെ കളക്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകള്‍. വിദേശത്ത് നിന്ന് 34 കോടിയോളവും കളക്ഷന്‍ ലഭിച്ചെന്നാണ് ഫിലിം ട്രാക്കര്‍മാരുടെ റിപ്പോര്‍ട്ട്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിനായി ഒരുക്കിയ ഗുരുവായൂര്‍ അമ്പലത്തിന്‍റെ സെറ്റ് വൈറലായിരുന്നു. പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് എന്ന വെബ് സീരീസിന് ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബുവും പ്രധാന വേഷത്തിലെത്തിയിരുന്നു. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.