
സോഷ്യല്‍ മീഡിയയില്‍ തരംഗമായ മലയാളി റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ് മലയാള സിനിമയിലേക്ക്. ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന സിനിമയിലൂടെയാണ് ഹനുമാന്‍ കൈന്‍ഡ് എന്ന പൊന്നാനിക്കാരന്‍ സൂരജ് ചെറുകാട്ടിന്‍റെ സിനിമ അരങ്ങേറ്റം. 'ഭീര' എന്ന കഥാപാത്രമായാണ് ഹനുമാന്‍ കൈന്‍ഡ് റൈഫിള്‍ ക്ലബ്ബിലെത്തുന്നതെന്ന് ആഷിക് അബു ഇന്‍സ്റ്റ്രാമിലൂടെ പങ്കുവെച്ചു. താരത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.
ലോകമെമ്പാടുമുള്ള മ്യൂസിക് പ്ലാറ്റ്‌ഫോമുകളില്‍ ടോപ് ട്രെന്‍ഡിങ് ആയ ബിഗ്‌ഡോഗ്സ് എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് ഹനുമാന്‍ കൈന്‍ഡ് താരമായത്. സര്‍ക്കസ് കൂടാരത്തിലെ മരണക്കിണറിനുള്ളില്‍ ചിത്രീകരിച്ച ഗാനം യൂട്യൂബിന്റെ ഗ്ലോബൽ ടോപ്പ് സോങ്സ് ചാർട്ടിലും സ്പോട്ടിഫൈ ഗ്ലോബൽ ചാർട്ടിലും അടക്കം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇരുപത് മിനിറ്റ് കൊണ്ടെഴുതിയ, ഇരുപത് മിനിറ്റ് കൊണ്ട് റെക്കോഡ് ചെയ്ത ഗാനമാണ് ബിഗ്ഡോഗ്സ്.
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രമാണ് റൈഫിൾ ക്ലബ്ബ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രമാണ് റൈഫിള്‍ ക്ലബ്.
ബേബി ജീൻ, സെന്ന ഹെഗ്ഡെ, നതേഷ് ഹെഗ്ഡെ, നവനി, റംസാന്‍ മുഹമ്മദ്, വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിനീത് കുമാര്‍, നിയാസ് മുസലിയാര്‍, കിരണ്‍ പീതാംബരന്‍, റാഫി, പ്രശാന്ത് മുരളി, പൊന്നമ്മ ബാബു, ബിപിന്‍ പെരുമ്പള്ളി, വൈശാഖ്, സജീവന്‍, ഇന്ത്യന്‍, മിലാന്‍, ചിലമ്പന്‍, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, എന്‍.പി നിസ എന്നിവരടക്കമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.