
തമിഴ് സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന സംവിധായകനാണ് ലോകേഷ് കനഗരാജ്. 400 കോടിയിലധികം രൂപ നേടിയ മൂന്ന് സിനിമകളാണ് അടുപ്പിച്ച് ലോകേഷ് സംവിധാനം ചെയ്തത്. എല്ലാം സൂപ്പർ താരങ്ങളെ നായകരാക്കിയ ചിത്രങ്ങള്‍.
രണ്ടാം ചിത്രമായ 'കൈതി'യിലൂടെ തുടക്കമിട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (എല്‍സിയു) തമിഴ് സിനിമാ ലോകത്തില്‍ തന്നെ ഒരു വഴിത്തിരിവായിരുന്നു. കമല്‍ ഹാസനെ നായകനാക്കി എടുത്ത 'വിക്രം' എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് തന്റെ ചിത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സിനിമാറ്റിക് യൂണിവേഴ്സ് പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ഈ സീരീസിലെ അടുത്ത പടങ്ങുണ്ടാകുമെന്നാണ് സംവിധായകന്‍ ആ ഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അടുത്തതായി ഇറങ്ങിയത് വിജയ്‌യെ നായകനാക്കി എടുത്ത 'ലിയോ' ആയിരുന്നു. ലിയോയുടെ ക്ലൈമാക്സിലും സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള സൂചനകള്‍ സംവിധായകന്‍ നല്‍കി. ഇത് എല്‍സിയുവിനുള്ള ഹൈപ്പ് ഉയർത്തി.
എന്നാല്‍, ആരാധകർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് കാർത്തി നായകനായ 'കൈതി'യുടെ രണ്ടാം ഭാഗത്തിനായാണ്. 'ലിയോ'യ്ക്ക് ശേഷം കാർത്തി ചിത്രമുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍, രജനികാന്ത് ചിത്രം കൂലിയുടെ തിരക്കുകളിലേക്ക് സംവിധായകന്‍ കടന്നു. സമ്മിശ്ര പ്രതികരണങ്ങളോടെയെങ്കിലും ബോക്സ്ഓഫീസില്‍ നിന്ന് മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ കൂലിക്ക് സാധിച്ചിരുന്നു. എന്നാല്‍ സിനിമ നേരിട്ട വിമർശനങ്ങള്‍ സംവിധായകന്റെ പല ഭാവികാല പ്രൊജക്ടുകളേയും ബാധിച്ചതായാണ് സൂചന.
രജനീകാന്തും കമൽ ഹാസനും ഒരുമിക്കുന്ന രാജ് കമല്‍ ചിത്രം സംവിധാനം ചെയ്യുക ലോകേഷ് കനഗരാജ് ആണെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകള്‍. എന്നാല്‍ കമലിനൊപ്പമുള്ള സിനിമ സ്ഥിരീകരിച്ച രജനി സംവിധായകനെ നിശ്ചയിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. ഇതോടെ ലോകേഷ് ആയിരിക്കില്ല ഈ മൾട്ടിസ്റ്റാർ ചിത്രം സംവിധാനം ചെയ്യുക എന്ന തരത്തില്‍ വാർത്തകള്‍ വന്നു. ലോകേഷും ആമിർ ഖാനും ഒന്നിക്കുന്ന സൂപ്പർഹീറോ ചിത്രവും റദ്ദാക്കിയതായാണ് പറയപ്പെടുന്നത്.
ഇപ്പോഴിതാ 'കൈതി 2' നിർത്തിവച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കാർത്തിയും ലോകേഷ് കനകരാജും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കാരണം എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷിന്റെ തിരക്കേറിയ ഷെഡ്യൂളുകൾ കാരണം കൈതി 2 ആരംഭിക്കാൻ കാർത്തി ഇത്രയും കാലം കാത്തിരുന്നു. ഇപ്പോൾ, രണ്ടാം ഭാഗം ആരംഭിക്കാൻ ലോകേഷ് പദ്ധതിയിട്ടപ്പോൾ, കാർത്തി താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് സൂചന.
എന്നാല്‍, ഇത്തരം അഭ്യൂഹങ്ങളോട് ലോകേഷോ കാർത്തിയോ പ്രതികരിച്ചിട്ടില്ല. 'കൂലി' സിനിമ ലോകേഷ്, രജനി ആരാധകരെ നിരാശരാക്കിയിരുന്നു. വലിയ തോതിലുള്ള ട്രോളുകളാണ് സംവിധായകനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'കൈതി 2' ലൂടെ ഒരു തിരിച്ചുവരവിനുള്ള സാധ്യതയാണ് ലോകേഷിന് മുന്നിലുള്ളത്. എന്നാല്‍, ഇനി എന്താകും 'കൈതി'യുടെ രണ്ടാം ഭാഗത്തിന്റെ വിധിയെന്ന് കണ്ടറിയണം.