
കന്നഡ താരം യഷിനെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. നയന്‍താരയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. കഴിഞ്ഞ മാസം ബാംഗ്ലൂരില്‍ വെച്ച് ചിത്രത്തിലെ നയന്‍താരയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്.
അതേസമയം തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ ആവശ്യമായതിനാല്‍ ചിത്രത്തിന്റെ നിര്‍മാണം വൈകുമെന്നും ജോലികള്‍ ഉടനെ പുനരാരംഭിക്കുമെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ സിനിമ ബിഗ് ബജറ്റില്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും കെജിഎഫ് 2 പോലെ തന്നെ ചിലവേറിയതായിരിക്കും ചിത്രമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ നയന്‍താരയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായിരിക്കും ടോക്‌സിക്.
ഗോവയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. കരീന കപൂറിനെ ആയിരുന്നു ചിത്രത്തില്‍ ആദ്യമായി നായികയായി തീരുമാനിച്ചിരുന്നത്. കരീന പിന്‍മാറിയതോടെ അണിയറ പ്രവര്‍ത്തകര്‍ നയന്‍താരയെ സമീപിക്കുകയായിരുന്നു. നയന്‍താരയ്ക്കും യഷിനും പുറമെ ചിത്രത്തില്‍ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തിലുണ്ട്.