
നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാകുറ്റത്തിന് എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിവിന്‍ പോളി നായകനായ 'മഹാവീര്യര്‍' എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിലെടുത്ത കേസിലാണ് സ്റ്റേ. 'ആക്ഷന്‍ ഹീറോ ബിജു 2'ന്റെ നിര്‍മാണ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഷംനാസില്‍ നിന്നും പണം വാങ്ങിയെന്നും പിന്നീട് അക്കാര്യം മറച്ചുവെച്ച് ചിത്രത്തിന്റെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നുമാണ് പരാതി.
നിവിനും എബ്രിഡ് ഷൈനിനും എതിരെ കേസെടുക്കാന്‍ തലയോലപ്പറമ്പ് പൊലീസിന് വൈക്കം ജെഎഫ്‌സിഎം 1 കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തത്. കേസില്‍ നിവിന്‍ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമാണ്.
പരാതി വന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി നിവിന്‍ പോളി രംഗത്തെത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നുവരികയാണ്. ആ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശം മറികടന്നാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഇത് വസ്തുതകള്‍ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നുമാണ് നിവിന്‍ പോളി അറിയിച്ചത്.