

ഹോളിവുഡ് ഹൊറർ ചിത്രം 'ഒബ്സെഷന്' പിന്നാലെയാണ് ഇപ്പോൾ സിനിമാപ്രേമികൾ. ജമ്പ് സ്കെയറുകളില്ലാതെ ആളുകളെ ഞെട്ടിക്കുന്ന ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ആഗോള തലത്തിൽ ലഭിക്കുന്നത്. കേരളത്തിലും മികച്ച കളക്ഷൻ നേടിയാണ് ചിത്രത്തിന്റെ മുന്നേറ്റം.
യൂട്യൂബറും കൊമേഡിയനുമായ കറി ബാർക്കർ എന്ന ഇരുപത്തിയാറുകാരനാണ് 'ഒബ്സെഷൻ' സംവിധാനം ചെയ്തിരിക്കുന്നത്. 2025ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് മാഡ്നെസ് വിഭാഗത്തിൽ പ്രീമയർ ചെയ്ത ചിത്രം ഈ വർഷം മെയ് പകുതിയോടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്.
7.15 കോടി രൂപ ബജറ്റിൽ എടുത്ത ചിത്രം 224.7 മില്യൺ ഡോളറാണ് ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. ഒരു ഹൊറർ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച നാലാം വാര കളക്ഷനും ചിത്രം സ്വന്തമാക്കി. 1999ൽ പുറത്തിറങ്ങിയ 'ദ ബ്ലെയർ വിച്ച് പ്രോജക്ടി'ന്റെ റെക്കോർഡ് ആണ് 'ഒബ്സെഷൻ' മറികടന്നത്.
ഇന്ത്യയിലും ഗംഭീര കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 851 ഷോകളിൽ നിന്നായി 55.97 കോടി രൂപ ഗ്രോസ് ആണ് 'ഒബ്സെഷൻ' സ്വന്തമാക്കിയിരിക്കുന്നത്. 46.97 കോടിയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. രണ്ട് കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം ഇതുവരെ ഈ ചിത്രം നേടിയിരിക്കുന്നത്.
സംവിധായകൻ കറി ബാർക്കർ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ബ്ലംഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസ് ഹാരിസ്, ഹേലി നിക്കോൾ ജോൺസൺ, ക്രിസ്റ്റ്യൻ മെർക്കുറി, റോമൻ വിയാരിസ്, ജേസൺ ബ്ലം എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം: ടെയ്‌ലർ ക്ലെമൻസ്. മൈക്കൽ ജോൺസ്റ്റൺ, ഇൻഡെ നവറെറ്റ്, കൂപ്പർ ടോംലിൻസൺ, മേഗൻ ലോലെസ്, ആൻഡി റിക്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.