
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി, രാഷ്ട്രീയത്തിൽ നിന്ന് വീണ്ടും അഭിനയ രംഗത്തേക്ക്. ജനപ്രിയ ടിവി പരമ്പര, 'ക്യുങ്കി സാസ് ഭി കഭി ബഹു തീ'യുടെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതിയുടെ തിരിച്ചുവരവ്. ഏക്താ കപൂറിന്റെ ബാലാജി ടെലി ഫിലിംസാണ് ഈ ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ നിർമാണം.
ഇന്ത്യൻ ടിവി സ്ക്രീനിൽ ഏറെ പ്രശസ്തി നേടിക്കൊടുത്ത 'തുളസി' എന്ന കഥാപാത്രമായി തന്നെയാണ് സ്മൃതിയുടെ തിരിച്ചുവരവ്. സ്റ്റാർ പ്ലസിൽ ജൂലൈ 28 മുതൽ 150 എപ്പിസോഡുകളായി രാത്രി 10.30ന് പരമ്പര സംപ്രേഷണം ചെയ്യും. സീരിയലിന്റെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ മുന്‍ കേന്ദ്രമന്ത്രിക്ക് എത്ര രൂപയാകും പ്രതിഫലം ലഭിക്കുക എന്നതായിരുന്നു ചർച്ച. ഇപ്പോഴിതാ അതിനു വ്യക്തത വന്നിരിക്കുന്നു.
പരമ്പരയുടെ ആദ്യഭാഗത്തിൽ അഭിനയിക്കുന്ന കാലത്ത് 1800 രൂപയാണ് ഒരു എപ്പിസോഡിന് ലഭിച്ചതെന്ന് സ്മൃതി തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകള്‍ പ്രകാരം, ഒരു എപ്പിസോഡിന് 14 ലക്ഷം രൂപയാണ് പുതുക്കിയ പരമ്പരയില്‍ സ്മൃതിക്ക് പ്രതിഫലമായി ലഭിക്കുന്നത്.
2000ങ്ങളിലാണ് 'ക്യോംകി സാസ് ഭി കഫി ബാഹു ഥീ' എന്ന ജനപ്രിയ സീരിയല്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ വലിയ തോതില്‍ ആരാധകരുടെ സീരിയലിന്റെ രണ്ടാം ഭാഗം വരുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചത്. തുളസി വിരാനിയായുള്ള സ്മൃതി ഇറാനിയുടെ ഫസ്റ്റ് ലുക്ക് ആരാധകരിലേക്ക് നിരവധി ഓർമകൾ തിരികെ കൊണ്ടുവന്നു.
"ഞാന്‍ തിരിച്ചു വരും. നിങ്ങളുമായുള്ളത് വർഷങ്ങളായുള്ള ബന്ധമാണ്. നിങ്ങളെ എല്ലാം ഒന്നുകൂടി കാണേണ്ട സമയം വന്നിരിക്കുന്നു," പ്രൊമോ വീഡിയോയില്‍ സ്മൃതി ഇറാനിയുടെ കഥാപാത്രം പറയുന്നു.