'ഞാന്‍ 100 ശതമാനം ആം ആദ്മിയാണ്, വെറും ഒരു സാധാരണക്കാരന്‍''; അല്ലു അര്‍ജുന്‍

പുഷ്പ ഒരു സിനിമയല്ല മറിച്ച് വികാരമാണെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു
'ഞാന്‍ 100 ശതമാനം ആം ആദ്മിയാണ്, വെറും ഒരു സാധാരണക്കാരന്‍''; അല്ലു അര്‍ജുന്‍
Published on


അല്ലു അര്‍ജുന്‍ ഇതിനോടകം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ്. പുഷ്പ 2ന്റെ വമ്പന്‍ വിജയത്തിന് ശേഷവും താന്‍ കൂടുതല്‍ വിനീതനാവുകയാണ് ചെയ്തതെന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. താന്‍ നൂറ് ശതമാനവും ഒരു സാധാരണക്കാരനാണെന്നും ജോലി ചെയ്യാത്തപ്പോള്‍ തനിക്ക് ഒന്നും ചെയ്യാനിഷ്ടമല്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

'വിജയത്തോടൊപ്പം പലരും കൂടുതല്‍ വിനീതരാകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. ഞാന്‍ 100 ശതമാനം ആം ആദ്മിയാണ്. ഒരു സിനിമ കാണുമ്പോള്‍, ഞാന്‍ വളരെ സാധാരണക്കാരനാണ്. ജോലി ചെയ്യാത്തപ്പോള്‍, ഒന്നും ചെയ്യാതിരിക്കാനാണ് എനിക്ക് ഇഷ്ടം. ചിലപ്പോള്‍ ഒരു പുസ്തകം പോലും വായിക്കില്ല. ഒന്നും ചെയ്യാതിരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്', അല്ലു അര്‍ജുന്‍ പറഞ്ഞു.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവസരം എനിക്ക് ലഭിച്ചു: ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഒരു നടനായി എന്നെത്തന്നെ അടയാളപ്പെടുത്തുക എന്ന അവസരം. ആല്‍ഫനെസ്സ് എന്നും മനസ്സിലുണ്ട്. ആര്‍ക്കും അത് എടുത്തുകളയാന്‍ കഴിയില്ല. അതൊരു ജന്മസിദ്ധമായ സ്വഭാവമാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുഷ്പ ഒരു സിനിമയല്ല മറിച്ച് വികാരമാണെന്ന് അല്ലു അര്‍ജുന്‍ നേരത്തെ പറഞ്ഞിരുന്നു. 'എന്നെ സംബന്ധിച്ച് പുഷ്പ സിനിമയല്ല. അഞ്ച് വര്‍ഷത്തെ യാത്രയാണ്. വികാരമാണ്. ഈ സിനിമയുടെ പ്രയ്തനവും വിജയവും ഞാന്‍ എന്റെ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. നിങ്ങളെ ഞാന്‍ കൂടുതല്‍ അഭിമാനം കൊള്ളിക്കും. ഇതെന്റെ വാക്കാണ്. ഇതൊരു നല്ല തുടക്കമാണ്. നിങ്ങളുടെ സ്നേഹവും അനുഗ്രഹവും കൊണ്ട് ഞാന്‍ നിങ്ങളെ അഭിമാനം കൊള്ളിക്കും', പുഷ്പയുടെ സക്‌സസ്സ് മീറ്റിലാണ് അല്ലു അര്‍ജുന്‍ ഇങ്ങനെ സംസാരിച്ചത്. പുഷ്പ 2ന് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നുണ്ട്. അണിയറക്കാര്‍ തന്നെയാണ് ഇക്കാര്യവും പുറത്തുവിട്ടത്.

ആഗോള ബോക്‌സോഫീസ് കളക്ഷനില്‍ 1800 കോടിയ്ക്ക് മേലെ ലാഭമുണ്ടാക്കിയ ചിത്രമായിരുന്നു പുഷ്പ 2 ദി റൂള്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ സുകുമാറിന്റെ സംവിധാനത്തില്‍ നിര്‍മിച്ച ചിത്രം ഈ വര്‍ഷം ജനുവരി 17 നായിരുന്നു റിലീസ് ചെയ്തത്. ഡി എസ് പിയുടെ സംഗീതത്തില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. റിലീസ് ദിവസം ആദ്യ ഷോ നടക്കവെ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്യുകയും പിന്നീട് താരത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com